മൂട്ടിപഴത്തിെൻറ രുചി തേടി ആളുകള്‍ കാടുകയറുന്നു
text_fieldsപത്തനാപുരം: മൂട്ടിമരങ്ങള്‍ കായ്ച് തുടങ്ങിയതോടെ ചവർപ്പുള്ള പഴത്തിെൻറ രുചി തേടി നിരവധി പേര്‍ കാടുകയറുന്നു. പശ്ചിമഘട്ടമലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപഴം ഇതുവരെ വിപണിയിലേക്ക് എത്തിയിട്ടില്ല.
കേരളത്തിലെ വനമേഖലയിൽ അപൂർവമായി കാണപ്പെടുന്ന പഴവർഗമാണ് മൂട്ടിപ്പഴം. മൂട്ടിപ്പുളി, മൂട്ടിക്കായ്പൻ, കുന്തപ്പഴം എന്നീ പേരുകളിലാണ് പ്രാദേശികമായി അറിയപ്പെടുന്നത്. വേനൽക്കാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്. മരത്തിെൻറ തായ്ത്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഫലം പാകമാകുന്നത്. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസിൽപെട്ട ഫലവൃക്ഷമാണ് മൂട്ടിമരം.
ഒരു കാലത്ത് ആദിവാസികൾ മാത്രം ഉപയോഗിച്ചിരുന്ന ഫലം സാധാരണക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. കട്ടിയുള്ള പുറം തൊലിയും അകത്ത് വിത്തും ഉണ്ടാകും. വിത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഇതിെൻറ തോടും അച്ചാറ് ഇടുന്നതിന് ഉപയോഗിക്കുന്നുണ്ട്. പഴം അധികവും മരത്തിെൻറ ചുവട്ടിലാണ് ഉണ്ടാകുന്നത്. ഇതിലാണത്രെ മൂട്ടിപ്പഴം എന്ന പേര് ലഭിച്ചത്. മലയണ്ണാൻ, കരടി, ആന, കുരങ്ങ് എന്നിവയുടെ ഇഷ്ടവിഭവമാണ് മൂട്ടിപ്പഴം. വിപണിയിൽ 100 മുതൽ 150 വരെയാണ് വില. ജലാംശം കൂടുതൽ ഉള്ളതിനാൽ വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ഫലങ്ങളിൽ കൂടുതൽ ഉണ്ട്. ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിൽ മാത്രമാണ് മൂട്ടിമരം ഉണ്ടാകാറുള്ളത്. കാനനമധ്യത്തിലെ കാട്ടുപഴത്തിെൻറ രുചി തേടി മറ്റ് ജില്ലകളിൽനിന്നു വരെ ആളുകൾ കിഴക്കൻ മേഖലയിലേക്ക് എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.