ഗ്രാമീണപാതകൾ തകർന്നു; പത്തനാപുരത്ത് ദുരിതയാത്ര
text_fieldsപത്തനാപുരം: നിയോജകമണ്ഡലത്തിലെ ഗ്രാമീണപാതകളെല്ലാം പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും പുനർനിർമാണത്തിന് നടപടിയില്ല. നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾക്കായി പലപ്പോഴായി അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രം പൊതുജനങ്ങളുടെ വായഅടപ്പിക്കാനുള്ള വികസനം മാത്രമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മഴ ആരംഭിച്ചതോടെ ഗ്രാമീണപാതകളിലൂടെയുള്ള ഗതാഗതവും കാല്നടസഞ്ചാരവും ബുദ്ധിമുട്ടായി.
പ്രധാനപാതകളെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയപ്പോൾ ഗ്രാമീണ മേഖലയിലെ പാതകളെ അധികാരികള്‍ അവഗണിച്ചു. വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത പാതകളാണ് ഏറെയും. പണം അനുവദിച്ചതായി പലതവണ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ പറയുമ്പോഴും പാതകൾക്കൊന്നും ഇപ്പോഴും ശാപമോക്ഷം ആയിട്ടില്ല.
പൊതുമരാമത്ത് വകുപ്പിന്റെയും പഞ്ചായത്തിന്റെയും അടക്കമുള്ള നിരവധി റോഡുകളാണ് വിവിധ മേഖലകളിൽ തകർന്ന നിലയിലുള്ളത്. ഇതിൽ കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതും കരാറുകാരൻ ഉപേക്ഷിച്ചുപോയതുമായ റോഡുകളുമുണ്ട്.
പത്തനാപുരം പഞ്ചായത്തില്‍ ജനത ജങ്ഷൻ മുതൽ പാറക്കടവ് വഴി മുരുകാനന്ദശ്രമം വരെയുള്ള പാതക്ക് മൂന്ന് കിലോമീറ്ററാണ് ദൈര്‍ഘ്യം. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാതയുടെ നവീകരണത്തിനായി നിരവധിതവണ നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
പത്തനാപുരം താലൂക്കാശുപത്രി മുതൽ പാറക്കടവ് വരെയുള്ള രണ്ട് കിലോമീറ്റര്‍ പാതയുടെ നവീകരണവും അനന്തമായി നീളുകയാണ്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയ പാതയുടെ നവീകരണത്തിനായി നിലവിലുള്ള ടാറിങ് നീക്കം ചെയ്തിട്ട് മൂന്ന് മാസത്തിലേറെയാകുന്നു. നെടുപറമ്പ് ജങ്ഷൻ മുതല്‍ പാതിരിക്കല്‍ തെക്കേക്കര ജങ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റര്‍ പാതയിലൂടെ സഞ്ചരിക്കണമെങ്കില്‍ അരമണിക്കൂറിലധികം സമയമാണ് വേണ്ടിവരുന്നത്.
വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ കിണറ്റിൻകര റോഡിന്റെ ദയനീയാവസ്ഥയും തുടരുന്നു. കരാറുകാരൻ പൂർണമായും ഉപേക്ഷിച്ചുപോയ റോഡാണിത്.
നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. ആവണീശ്വരം എ.പി.പി.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്നിലൂടെ പോകുന്നതാണ് ഈ പാത. വിദ്യാർഥികളടക്കം നിരവധി ആളുകളാണ് ഈ പാതയെ ആശ്രയിക്കുന്നത്. ഇവിടെ വാഹനാപകടങ്ങൾ തുടര്‍ക്കഥയാണ്.
പട്ടാഴി ഗ്രാമപഞ്ചായത്തിന്റെ തെക്കേത്തേരി പഞ്ചായത്ത് ഓഫിസ് റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കാലപ്പഴക്കം കാരണം പാതയിൽ ടാറിങ് ഇളകിമാറി ഉണ്ടായിരിക്കുന്ന വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മഞ്ചാടി മുക്ക് ഇരുവേലിക്കൽ ഭാഗം റോഡും ഇടക്കടവ് പന്തപ്ലാവ് പാതയും തകർച്ചയിലാണ്. കൊട്ടിഘോഷിച്ച് ആരംഭിച്ച പള്ളിമുക്ക് ഏനാത്ത് പാതയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ പോലും മാസങ്ങൾ ഏറെയായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഫുൾ ഡെപ്ത് റെക്ലമേഷൻ എന്ന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യമായി ആരംഭിച്ച റോഡാണിത്. ടാറിങ് പൂര്‍ണമായും ഇളക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കാനായത്. അതും കടുവാത്തോട് ജങ്ഷന് വരെ മാത്രം.
കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന താലൂക്ക് സഭയിലടക്കം നിരവധി തവണ റോഡുകളുടെ ശോച്യാവസ്ഥ നാട്ടുകാര്‍ അറിയിച്ചിതാണ്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ച റോഡുകളില്‍ വരെ പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് കുഴയടയ്ക്കല് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.