കാടുകയറി ശബരി കുപ്പിവെള്ള പദ്ധതി; പാഴായത് ലക്ഷങ്ങൾ
text_fieldsപത്തനാപുരം: സംസ്ഥാന സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി കടശ്ശേരി വനത്തിൽ കാടു കയറി നശിക്കുന്നു. വനംവകുപ്പിന്റെ ആഭിമുഖ്യത്തിലുളള ശബരി കുടിവെളള പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ നിശ്ചലമായിട്ട് വർഷങ്ങളായി. ലക്ഷങ്ങൾ ചെലവഴിച്ച് പണിപൂർത്തിയായ കെട്ടിടവും കുളവും കാടുമൂടി. മൂന്ന് വർഷം മുമ്പാണ് ഒരു കുപ്പിക്ക് 10 രൂപ നിരക്കിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചത്. കുപ്പി തിരികെ നൽകിയാൽ ഒരു രൂപ ഉപഭോക്താവിന് നൽകുന്ന ഭാവനപൂർണമായ പദ്ധതിയായിരുന്നു ഇത്. പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരിയിൽ വനംവകുപ്പിന്റെ സ്ഥലത്താണ് പദ്ധതി ആരംഭിച്ചത്.
15 ലക്ഷം രൂപയായിരുന്നു ആദ്യഗഡുവായി അനുവദിച്ചത്. സമീപത്തെ ജലസ്രോതസ്സിൽ നിന്ന് ജലം ശേഖരിച്ചായിരുന്നു പ്രവർത്തനം ഉദ്ദേശിച്ചത്. 2012 ഒക്ടോബർ 27ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിർമ്മാണവും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും കണ്ണടച്ച് തുറക്കും മുമ്പെ പൂർത്തിയായി. രണ്ടാംഘട്ടമായി മെഷീനറികൾ വാങ്ങുന്നതിനുളള പണം വനം വകുപ്പ് അനുവദിച്ചില്ല. ഇതോടെ പദ്ധതി മുടങ്ങിയ നിലയിലാണ്. ശബരിമലയിലേക്ക് കുപ്പിവെള്ളം എത്തിക്കാനുള്ള പരിപാടിയും വിഭാവനം ചെയ്തിരുന്നു. കുളങ്ങളും കെട്ടിട നിർമ്മാണവും പൂർത്തിയായ പദ്ധതിക്ക് മെഷീനറികൾ കൂടി ഇറക്കുമതി ചെയ്താൽ നല്ല ലാഭത്തിൽ പ്രവർത്തിക്കാമെന്നിരിക്കെയാണ് ഭരണാധികാരികൾ തുടർനടപടികളെടുക്കാതെ നിസംഗത തുടരുന്നത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വനനിയമങ്ങള്‍ പരിഷ്ക്കരിച്ചതും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.