സര്‍ക്കാരിന് പണമില്ല: ജില്ലയില്‍ ഇത്തവണ വൃക്ഷത്തൈ വിതരണം പേരിന് മാത്രം
text_fieldsപത്തനാപുരം: പരിസ്ഥിതി ദിനാചരണത്തെയും ബാധിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി. ജൂണ്‍ അഞ്ചിന് ജില്ലയില്‍ വിതരണം ചെയ്യാന്‍ ഇത്തവണ ആവശ്യാനുസരണം വൃക്ഷത്തൈകളില്ല. അനുവദിച്ചിരിക്കുന്നത് 50,000 തൈകൾ മാത്രം. നാല് വനം ഡിവിഷനുകള്‍ ഉള്‍പ്പടുന്ന ജില്ലയുടെ കാൽഭാഗം പോലും വിതരണം ചെയ്യുവാൻ ഇവ മതിയാകില്ല. മുൻവർഷങ്ങളിൽ മൂന്നര ലക്ഷം വൃക്ഷത്തൈകൾ അനുവദിച്ചിരുന്നെങ്കിൽ ആവശ്യക്കാരുടെ കണക്കനുസരിച്ച് കഴിഞ്ഞവർഷം രണ്ട് ലക്ഷം ആയി ചുരുക്കിയിരുന്നു. വിദ്യാലയങ്ങള്‍, യുവജന സംഘടനകൾ, ക്ലബുകൾ, മതസാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വൃക്ഷത്തൈകൾ എത്തിക്കണമെന്ന് നിർദേശവുമുണ്ട്.
മുൻ വർഷങ്ങളിൽ സ്കൂള്‍ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് തൈകൾ വിതരണത്തിനായി സജ്ജമാക്കാൻ കഴിയാത്തതെന്നും ഇതിനായി തുച്ഛമായ ഫണ്ടാണ് അനുവദിച്ചതെന്നുമാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ വിശദീകരണം.
പരിസ്ഥിതി ദിനാചരണത്തിന് വൃക്ഷത്തൈകള്‍ തയാറാക്കേണ്ടത് സാമൂഹ്യവനവത്കരണ വിഭാഗമാണ്. പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി വൃക്ഷത്തൈകൾ ഉൽപാദിപ്പിക്കുന്നതിനുള്ള വൃക്ഷ സമൃദ്ധി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഇതിനായി ജില്ല പ്രോഗ്രാം കോഓഡിനേറ്ററെയും ജില്ല ഓഫിസർമാരെയും ചുമതലപ്പെടുത്തിയിരുന്നു. ജില്ലയിലെ മിക്ക പഞ്ചായത്തും ഇത്തവണ പദ്ധതി നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞവർഷം മുതൽ ആരംഭിച്ച വൃക്ഷസമൃദ്ധി പദ്ധതി തുടക്കത്തിൽ തന്നെ പാളിയിരുന്നു. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പരിസ്ഥിതി ദിനാചരണപരിപാടിയുടെ നാളുകളും എണ്ണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.