അച്ചന്‍കോവില്‍ ആറ് ‘നടന്നുകയറി’ പോളിങ് ഉദ്യോഗസ്ഥര്‍ ആവണിപ്പാറയിൽ
text_fieldsപത്തനാപുരം: അച്ചൻകോവിലാർ മറികടന്ന് പോളിങ് ഉദ്യോഗസ്ഥർ ഇത്തവണയും ആവണിപ്പാറയിൽ എത്തി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ ഗിരിവർഗ കോളനി നിവാസികൾക്കുള്ള പോളിങ് സ്റ്റേഷൻ അച്ചൻകോവിൽ ആറിന്റെ മറുകരയിലുള്ള ആവണിപ്പാറ അംഗൻവാടിയാണ്.
പോളിങ് സാമഗ്രികളുമായി കോന്നി വിതരണ കേന്ദ്രത്തിൽനിന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്ത് ഉദ്യോഗസ്ഥർ ജില്ലയുടെ ഭാഗമായ അലിമുക്ക് അച്ചൻകോവിൽ പാതയിലെത്തും. അവിടെനിന്ന് ആറ്റിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ വള്ളത്തിലോ കാൽനടയായോ മറുകരയിലേക്ക് എത്തുകയാണ് പതിവ്.
ഇത്തവണ ആവണിപ്പാറയിലേക്കുള്ള വള്ളം തകരാറിലായതിനാൽ ആറ്റിലിറങ്ങി കയറേണ്ടി വന്നു. ഉദ്യോഗസ്ഥരും സുരക്ഷ ഉദ്യോഗസ്ഥരും സുരക്ഷ സംവിധാനത്തിനായി എത്തിയ പ്രത്യേകം സേനയും അടക്കം 20 ഓളം ആളുകളാണ് ആവണിപ്പാറയിലെ പോളിങ് സ്റ്റേഷനിലേക്ക് എത്തിയത്. രാവിലെ മുതൽ പത്തനംതിട്ട ജില്ല പൊലീസ് കൺട്രോൾ റൂമിനുള്ള വിദഗ്ധര്‍ അംഗന്‍വാടിയിലെത്തി കാമറകളും വയർലെസ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
മൊബൈൽ ഫോണിന് കവറേജ് ഇല്ലാത്ത മേഖലയാണ് ആവണിപ്പാറ ഗിരി വർഗ കോളനി. വൈദ്യുതി എത്തിയിട്ടുതന്നെ രണ്ടുവർഷമേ ആകുന്നുള്ളൂ. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ആവണിപ്പാറ കോളനി. 30 പുരുഷ വോട്ടർമാരും 41 സ്ത്രീ വോട്ടർമാരും അടക്കം 71 വോട്ടർമാരാണ് ആകെയുള്ളത്.
ഇവിടെ 50 പേരിൽ താഴെ മാത്രമേ വോട്ട് രേഖപ്പെടുത്തുകയുള്ളൂ. കാടുകയറി ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗം ആയതിനാൽ മിക്ക കുടുംബങ്ങളും വനത്തിനുള്ളിൽ ആകും. ഇവർ വോട്ട് ചെയ്യാനായി എത്തുകയുമില്ല ഇതിനാൽ തന്നെ താഴ്ന്ന വോട്ടിങ് ശതമാനമാണ് എല്ലാവർഷവും. ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ആറിന്റെ മറുകരയിലുള്ള തുറ ഫോറസ്റ്റ് സ്റ്റേഷനിലാണ്. ആറിന് കുറുകെ ആവണിപ്പാറയിലേക്ക് പാലം നിർമിക്കണമെന്നത് ഇവിടത്തുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.