വേനൽമഴ: കിഴക്കൻ മേഖലയിൽ വ്യാപകനാശം
text_fieldsപത്തനാപുരം: വേനല്‍മഴ ശക്തമായതോടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം. ശക്തമായ കാറ്റില്‍ പത്തിലധികം വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മരം പതിച്ച് സ്കൂള്‍ കെട്ടിടത്തിനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച രാത്രി പെയ്ത മഴയിലാണ് വലിയ നാശനഷ്ടം ഉണ്ടായത്.
പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് സ്കൂളില്‍ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ മുകളില്‍ സ്കൂള്‍ വളപ്പില്‍ നിന്ന മരത്തിെൻറ ശിഖരം ഒടിഞ്ഞുവീണു.
പുനലൂര്‍ ഡി.എഫ്.ഒ ത്യാഗരാജ് അയ്യപ്പസ്, പത്തനാപുരം അസി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷിലിന്, അമ്പനാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കനകരാജ്, പുനലൂര്‍ ഫോറസ്റ്റ് ഓഫിസിലെ ഡ്രാഫ്റ്റ്മാന് രാജേന്ദ്രന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പൂജ പ്രസന്നന് എന്നിവരുടെ വാഹനങ്ങളാണ് നശിച്ചത്.
പിറവന്തൂര്‍ പഞ്ചായത്തിലെ മഹാദേവര്‍മണ്‍ വലിയകാവ് ഹൈസ്കൂളിന് മുകളിലേക്ക് മരം കടപുഴകി വീണു. വിളക്കുടി ഗ്രാമപഞ്ചായത്തില്‍ മാക്കന്നൂരില്‍ റോഡിലേക്ക് വലിയ ഈട്ടിമരം പിഴുതുവീണു.
ആവണീശ്വരത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘവും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് മരം നീക്കം ചെയ്തത്. ഇതിനെതുടര്‍ന്ന് കോട്ടവട്ടം, മാക്കന്നൂര്‍ ഭാഗങ്ങളിലെ വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചു. മേഖലയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ നീലിക്കോണത്ത് ശിവപ്രസാദ്, ജയഭവനില്‍ ഭാസുരന്‍, അരിക്കല്‍ പടിഞ്ഞാറ്റേതില്‍ തങ്കച്ചന്, തൊണ്ടിയാമണില് മുജീബ്, ഈട്ടിവിള പടിഞ്ഞാറ്റേതില്‍ ജോര്‍ജ് കുട്ടി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തൊണ്ടിയാമണ്‍ ഈട്ടിവിളവീട്ടില്‍ ഫാത്തിമബീവി, പൂങ്കുളഞ്ഞി പത്മവിലാസത്തില്‍ രാജേന്ദ്രന് പിള്ള എന്നിവരുടെ പുരയിടങ്ങളില്നിന്ന മരങ്ങള്‍ വ്യാപകമായി നിലംപതിച്ചു.
ഏക്കര്‍ കണക്കിന് കൃഷിഭൂമിയിലെ കാര്‍ഷികവിളകളും കാറ്റില്‍ നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.