താലൂക്കാശുപത്രി കെട്ടിടം; നിര്‍മാണത്തിന് ടെൻഡര്‍ ക്ഷണിച്ചു
text_fieldsപത്തനാപുരം: താലൂക്കാശുപത്രി നിർമാണത്തിന് ടെൻഡര്‍ ക്ഷണിച്ചു. മഞ്ചള്ളൂരിലെ മുട്ടത്ത്കടവ് പാലത്തിന് സമീപമാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാനുള്ള കരാര്‍ ക്ഷണിച്ചത്. നിർമാണത്തിനായി 98.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 90 കോടി രൂപ കെട്ടിടത്തിനും എട്ടുകോടി രൂപ മെഡിക്കല്‍ ഉപകരണം, ഫര്‍ണിച്ചര്‍ വാങ്ങാനും അനുബന്ധപ്രവര്ത്തികളുമായിട്ടാണ് അനുവദിച്ചത്. സിവില്‍ വര്‍ക്കിനുള്ള 90 കോടി രൂപക്കുള്ള ടെൻഡറാണ് ആദ്യം ക്ഷണിച്ചത്. ആഗസ്റ്റ് 21നാണ് അവസാനതീയതി. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായ ഇൻകൽ ലിമിറ്റഡാണ് മന്ദിരനിർമാണത്തിന്റെ ചുമതല.
സിവില്‍ ജോലികളുടെ മുപ്പത് ശതമാനം പൂര്‍ത്തിയാകുന്ന മുറക്ക് ബാക്കി തുകക്കുള്ള ടെൻഡര്‍ കൂടി ക്ഷണിക്കും. രണ്ടുലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തും താലൂക്കിലെ ആറുപഞ്ചായത്തുകളും ചേർന്ന് മഞ്ചള്ളൂർ മുട്ടത്തുകടവ് പാലത്തിനുസമീപം കല്ലടയാറിന്റെ തീരത്ത് വാങ്ങിയ രണ്ടേക്കറിലേറെ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്. സ്ഥലം വാങ്ങി അഞ്ച് വർഷത്തോളമായിട്ടും താലൂക്കാശുപത്രി യാഥാർഥ്യമാകാത്തത് എറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയാക്കി ഉയർത്തിയെങ്കിലും നഗരമധ്യത്തില്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.