കരാറുകാരൻ മഴയത്ത് റോഡ് പണിതു; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
text_fieldsപത്തനാപുരം: കായംകുളം പുനലൂര്‍ പാതയുടെ അറ്റകുറ്റപ്പണി കരാറുകാരൻ മഴയത്ത് നടത്തിയ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനുമുമ്പായി എക്സി. എൻജിനീയറുടെ കർശന നിർദേശപ്രകാരം ജോലികൾ പുരോഗമിക്കുകയായിരുന്നു.
നവംബർ അഞ്ചിനുമുമ്പ് പണി തീർക്കണമെന്നായിരുന്നു നിർദേശം. അടൂര്‍ പറക്കോട് ഹൈസ്കൂൾ ജങ്ഷനിൽ തകർന്ന പാതയുടെ ഭാഗം കഴിഞ്ഞദിവസം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയതിനുശേഷം ബെറ്റുമിൻ മെക്കാഡം നിറക്കുമ്പോൾ ശക്തമായ മഴ പെയ്തു.
മെറ്റൽ കൂനകളുടെ ഇടയിൽ വെള്ളം കെട്ടിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന അസി. എൻജിനീയറും ഓവർസിയറും പണി അവസാനിപ്പിച്ച് തിരികെപോയി. മഴ കുറഞ്ഞപ്പോൾ അധികൃതരെ അറിയിക്കാതെ കരാറുകാരൻ പണി പുനരാരംഭിച്ചു. പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി. മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.
മഴയത്ത് പണിത ഭാഗങ്ങൾ രാത്രിതന്നെ അസി. എക്സി. എൻജിനീയറുടെയും എ.ഇയുടെയും നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റി കരാറുകാരന് നോട്ടീസ് നൽകി. എന്നാൽ, മഴയത്ത് പണിയുന്ന വിഡിയോ സഹിതമുള്ള പരാതി ലഭിച്ച മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് അടൂര്‍ അസി. എക്സി. എൻജിനീയർ എസ്. റസീനയെ മലപ്പുറത്തേക്കും അസി. എൻജിനീയർ അഭിലാഷിനെ കണ്ണൂരിലേക്കും ഓവർസിയർ സുമയെ ഇടുക്കിയിലേക്കുമാണ് സ്ഥലംമാറ്റിയത്.
ജലഅതോറിറ്റി ദ്രുതഗതിയില്‍ പൈപ്പിട്ടതിനുപിന്നാലെ ടാറിങ് നടത്തിയ പട്ടാഴിമുക്ക്-അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ നാലര കിലോമീറ്റര്‍ പാതയുടെ ഇരുവശങ്ങളും താഴേക്കിരുന്ന് അപകടാവസ്ഥയിലായതാണ്. പൊലീസ് വിജിലന്‍സ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് പാത നിർമാണത്തിലെ ക്രമക്കേട് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.