മഴവെള്ളം ഒഴുകിയിറങ്ങി; പത്തുപറ പാലം അപ്രോച്ച് റോഡ് തകര്‍ന്നു
text_fieldsപത്തനാപുരം: പത്തുപറ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണം പാതിവഴിയില്‍ നിലച്ചതോടെ മഴ ശക്തമാകുമ്പോള്‍ ഇതുവഴി യാത്ര ദുരിതപൂര്‍ണമാകുന്നു. കാല്നടയാത്രവരെ ദുസ്സഹമാക്കി കൊണ്ടാണ് അപ്രോച്ച് റോഡ് വഴി മഴവെള്ളം ഒഴുകിയിറങ്ങുന്നത്. വാഹനങ്ങള്‍പോലും കടന്നുപോകാന്‍ കഴിയാത്ത രീതിയില്‍ നിലവിലെ റോഡില്‍നിന്ന് മണ്ണ് പൂര്‍ണമായും ഒലിച്ചുപോയി. സ്കൂൾ കുട്ടികളടക്കം നിരവധിയാളുകളാണ് പാത ആശ്രയിക്കുന്നത്.
മഴ ശക്തമായതോടെ സമാന്തരവാഹനങ്ങളും ഇതുവഴി സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പാലം നിർമാണം പൂര്‍ത്തിയായിട്ടും പിറവന്തൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ അപ്രോച്ച് റോഡ് ടാർ ചെയ്തിട്ടില്ല. സംഭവത്തിന് പിന്നില്‍ പഞ്ചായത്തും എം.എല്‍.എയും തമ്മിലുള്ള ശീതസമരമാണെന്നും ആരോപണം ഉയരുന്നുണ്ട്. അപ്രോച്ച് റോഡ് എം.എല്‍.എ ഫണ്ടില്‍നിന്ന് നിർമിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
എന്നാല്‍ റോഡിന്റെ നിർമാണം പഞ്ചായത്തിന്റെ ചുമതലയാണെന്ന് മറുഭാഗം പറയുന്നു. ഫണ്ടിന്റെ അപര്യാപ്ത കൊണ്ടാണ് അപ്രോച്ച് റോഡ് പൂര്ത്തീകരിക്കാത്തതെന്നാണ് കരാറുകാരന് പറയുന്നത്. ഇതോടെ ഇരുവശങ്ങളിലും അപ്രോച്ച് റോഡിനായി ഇറക്കിയ മണ്ണ് ആറ്റിലേക്ക് ഇടിഞ്ഞിറങ്ങുകയാണ്. സാങ്കേതികകാരണങ്ങളാല്‍ വര്‍ഷങ്ങളായി നിര്‍ത്തിവെച്ച പാലത്തിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നാല് മാസം മുമ്പാണ് പൂര്‍ത്തീകരിച്ചത്.
പിറവന്തൂർ ഗ്രാമപഞ്ചായത്തിനെയും പുനലൂർ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് പത്തുപറ പാലം. ചാലിയക്കര ആറിനു കുറുകെ പത്തുപറ കടവിൽ പാലം നിർമിക്കാന്‍ കെ.ബി. ഗണേഷ്കുമാര് എം.എല്‍.എയാണ് ഫണ്ട് അനുവദിച്ചത്. പിറവന്തൂർ പഞ്ചായത്തിലെ വൻമള വാർഡിനെയും പുനലൂർ നഗരസഭയുടെ വിളക്കുവെട്ടം വാർഡിനെയുമാണ് പത്തുപറ പാലം ബന്ധിപ്പിക്കുന്നത്. നിലവില്‍ പുനലൂര്‍ നഗരസഭയുടെ ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ നിർമാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പിറവന്തൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഭാഗത്തെ റോഡ് നിർമാണമാണ് അനന്തമായി നീളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.