ചികിത്സ നല്കിയ കാട്ടാനയെ കണ്ടെത്താനായില്ല; വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു
text_fieldsപത്തനാപുരം: വനംവകുപ്പ് ചികിത്സ നല്കി കാടുകയറ്റിയ ആനയെ തുടര്‍ന്ന് കണ്ടെത്താനായില്ല. അമ്പനാര്‍ വനമേഖലയില്‍ വകുപ്പ് ഡ്രോണ്‍ നീരിക്ഷണം നടത്തി. ഏപ്രില്‍ 30 നാണ് പിറവന്തൂര്‍ പഞ്ചായത്തിലെ അമ്പനാര്‍ റേഞ്ചില്‍ കറവൂര്‍ സന്യാസികോണ്‍ ഭാഗത്ത് ഉണ്ടായിരുന്ന കാട്ടാനക്ക് വനംവകുപ്പ് ചികിത്സ നല്‍കിയത്. ഇടത് മുന്‍കാലുകള്‍ക്ക് മുകളിലായി ചെവിക്കുപിന്നില്‍ മുറിവേറ്റ നിലയിലായിരുന്നു ആന.
കാട്ടാനകൾ തമ്മിൽ നടന്ന അക്രമത്തിനിടെ കൊമ്പ് കൊണ്ട് ആഴത്തിൽ മുറിവേറ്റതാകാമെന്നതായിരുന്നു പ്രാഥമിക നിഗമനം. കൊല്ലം വനംവകുപ്പ് അസി. വെറ്ററിനറി ഡോക്ടര്‍ സിബിയുടെ നേതൃത്വത്തില്‍ കൈതച്ചക്കയിലും നേന്ത്രപ്പഴത്തിലും മരുന്നുകള്‍ െവച്ച് നല്‍കിയിരുന്നു. ചികില്‍സക്കുശേഷം തുടര്‍ച്ചയായി ആനയെ നീരിക്ഷിക്കാന്‍ വകുപ്പ് സംവിധാനം ഒരുക്കിയിരുന്നു.
ഭേദപ്പെട്ട ശേഷം രാത്രിയില്‍ കാടുകയറിയ ആനയെ പിന്നീട് കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഡ്രോണ്‍ നീരിക്ഷണത്തിന് വകുപ്പ് തയാറെടുത്തത്. ആനത്താരകളിലും വനമേഖലയിലെ ഈറക്കാടുകള്ക്ക് സമീപത്തും തുറസ്സായസ്ഥലങ്ങളിലും ഡ്രോണ്‍ നിരീക്ഷണം നടത്തി. എന്നാല്‍ ആനയെ കണ്ടെത്താനായില്ല. ഞായറാഴ്ച മുതല്‍ സാധ്യതാമേഖലകളില്‍ വനംവകുപ്പ് പട്രോളിങ് നടത്തും. അമ്പനാര്‍ വനമേഖലയിലെ ആനയല്ല ഇതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.