ഇടിച്ച വാഹനം കണ്ടെത്താനായില്ല; പരിക്കേറ്റ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
text_fieldsപത്തനാപുരം: കാല്‍നടയാത്രക്കാരിയെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാതെ പൊലീസ്. ചികിത്സക്ക് പണമില്ലാത്തതിനാല്‍ ദുരിതത്തിലായി പരിക്കേറ്റ വീട്ടമ്മ. കല്ലുംകടവിൽ വാടകവീട്ടിൽ താമസിക്കുന്ന രാജിയെയാണ് കഴിഞ്ഞ ദീപാവലി ദിനത്തില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചിട്ടത്. കല്ലുംകടവിലെ പെട്രോൾ പമ്പിൽ ജോലി കഴിഞ്ഞ്
വീട്ടിലേക്ക് നടന്ന് പോകവേ കല്ലുംകടവ് പാലത്തിൽ െവച്ചായിരുന്നു അപകടം. പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ ബോധരഹിതയായി കിടന്ന രാജിയെ അതുവഴി വന്ന ഓട്ടോ ഡ്രൈവറും പമ്പിലെ ജീവനക്കാരും ചേർന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കൈക്കും കാലിനും മൂന്ന് ഒടിവുകളും പറ്റിയ രാജി അന്ന് മുതല്‍ കിടപ്പിലായി. വയോധികരായ മാതാപിതാക്കള്‍ക്കും എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾക്കും ഏക ആശ്രയമായിരുന്നു രാജി. പമ്പില്‍നിന്ന് ലഭിക്കുന്ന വേതനം ഉപയോഗിച്ചായിരുന്നു വീട്ടുെചലവുകള് നടന്നിരുന്നത്. രാജി കിടപ്പിലായതോടെ ദുരിതത്തിലായിരിക്കുകയാണ് കുടുംബം.
ഇതുവരെയുള്ള ചികിത്സക്ക് ഭീമമായ തുക െചലവായി. കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം അത് നടന്നില്ല. അപകടത്തെ തുടർന്ന് പത്തനാപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ഇടിച്ചിട്ട വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല.
സി.സി.ടി.വി കാമറക്ക് സമീപത്താണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിച്ചിട്ട വാഹനം കണ്ടുകിട്ടാത്തതിൽ ഇൻഷുറൻസ് െക്ലയിം ചെയ്യാനുമാകാത്ത സ്ഥിതിയിലാണ്. തുടര്‍ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് വീട്ടമ്മ. പത്തനാപുരത്തെ കേരള ഗ്രാമീണ്‍ ബാങ്കില്‍ രാജിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40585101020117. ഐ.എഫ്.എസ്.സി - KLGB0040585.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.