നഗരത്തിലെ ഗതാഗതതടസ്സം; ചെറുകിട വ്യാപാരികളെ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചു
text_fieldsപത്തനാപുരം: ഗതാഗതതടസ്സത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ജങ്ഷനിലെ വഴിയോര വ്യാപാരങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതർ നടപടി ആരംഭിച്ചു.
ഇത് രാവിലെ വ്യാപാരികളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതർക്കത്തിനിടയാക്കി. നഗരവികസനത്തിന്റെയും ഗതാഗത തടസ്സത്തിന്റെയും പേരിലാണ് വഴിയോര കടകൾ ഒഴിപ്പിക്കാൻ പൊലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അധികൃതരെത്തിയത്.
പഞ്ചായത്തിന്റെ അധീനതയിൽ പുതുതായി നിർമിച്ചുവരുന്ന ഷോപ്പിങ് മാളിന്റെ പേരിൽ പത്തനാപുരം മാർക്കറ്റിനുള്ളിലെ വർഷങ്ങളായുള്ള നിരവധി ചെറുകിട വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തിട്ടില്ല. അന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ ചിലരാണ് റോഡ് വശങ്ങളിലും മറ്റും ചെറുകിട വ്യാപാരം നടത്തിവരുന്നത്.
ഗതാഗതത്തിന് തടസ്സമായ കടകൾ പൊളിച്ചുനീക്കാൻ വ്യാപാരികൾക്ക് നേരത്തെ നോട്ടീസ് നൽകിയിട്ടുള്ളതാണെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞുമാറിയിെല്ലങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പറഞ്ഞു.
വ്യാപാരത്തിനായി വേറെ സൗകര്യങ്ങള്‍ നല്‍കിയാല്‍ തിങ്കളാഴ്ചയോടെ കടകൾ നീക്കാൻ തയാറാണെന്ന് പഞ്ചായത്ത് അധികൃതരോട് വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.