കല്ലുംകടവ് പാലത്തില്‍ വീണ്ടും അപകടസാധ്യത, ഗതാഗതനിയന്ത്രണം
text_fieldsപത്തനാപുരം: അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയതിനെതുടർന്ന് നവീകരിച്ച കല്ലുംകടവ് പാലത്തിൽ വീണ്ടും അപകട ഭീഷണിയുയർത്തി ഒരു ഭാഗംതാണു. തൂണുകളുടെ അടിയില്‍ നിന്നുള്ള തടിയും മണ്ണും ഒലിച്ചുപോയതായാണ് പ്രാഥമികനിഗമനം. വശങ്ങളില്‍നിന്നും തുടര്‍ച്ചയായി മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെ പുനലൂര്‍ തൊടുപുഴ പാതയില്‍ പത്തനാപുരം നഗരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇതോടെ വാഹനങ്ങൾ മണിക്കൂറുകളോളം പാതയില്‍ കുടുങ്ങി. ശബരിമല തീര്‍ഥാടകരടക്കം യാത്രക്കാർ ബുദ്ധിമുട്ടിലായി. കല്ലുംകടവിലെ പുതിയ പാലത്തിന്റെ നിർമാണത്തിനായി മണ്ണെടുക്കുന്നതിനിടെ നിലവിലെ പാലത്തിലെ അപ്രോച്ച് റോഡുകള്‍ വീണ്ടും ഇടിയാന്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അപകടസാധ്യതയുള്ളതിനാല്‍ തൂണുകളുടെ സമീപത്ത് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്‍റെ ബലക്ഷയംകാരണം അപകടസാധ്യത മുന്നിൽകണ്ട് പാലത്തിന്റെ ഒരു വശത്തുകൂടി മാത്രമാണ് നിലവില്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, പാലം അപകടത്തിലായത് കെ.എസ്.ടി.പി.എ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. രാവിലെ 11ഓടെ ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിലെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് നിർമാണം തടഞ്ഞത്.
കെ.എസ്.ടി.പി.എ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പാലത്തിന്‍റെ നിലവിലെ അവസ്ഥ എന്തെന്ന് ബോധ്യപ്പെട്ടശേഷം പാലം പണി പുനരാരംഭിച്ചാൽ മതി എന്നായിരുന്നു നേതാക്കളുടെ ആവശ്യം. രണ്ടാഴ്ച മുമ്പ് അപ്രോച്ച് റോഡ് തകർന്നതിനെതുടർന്ന് നാല് ദിവസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.