കാടിന്റെ മക്കള്‍ ഗാന്ധിഭവനില്‍ സുമംഗലികളായി
text_fieldsപത്തനാപുരം: മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കുന്ന പത്തനംതിട്ട ജില്ലയിലെ സീതത്തോട്, അട്ടത്തോട്, ളാഹ ആദിവാസി ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട 20 യുവതികളുടെ മംഗല്യം ഗാന്ധിഭവനില്‍ നടന്നു.
പനിനീര് തളിച്ചും പുഷ്പവൃഷ്ടി നടത്തിയും താലപ്പൊലിയേന്തിയുമാണ് ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ ഇവരെ സ്വീകരിച്ചത്. വിവിധ ഊരുകളിലെ മൂപ്പന്‍മാരും അവരുടെ കുടുംബവും ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികളെത്തി. മന്ത്രി ജെ. ചിഞ്ചുറാണി വിവാഹചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ വധൂവരന്മാര്‍ക്ക് കൈപിടിച്ചു നല്‍കി.
കോന്നി സേവാകേന്ദ്രം ചെയര്‍മാന്‍ സി.എസ്. മോഹനന്‍, ഷാജഹാന്‍ രാജധാനി, സജിനി ബേബി, അനീഷ് എന്നിവര്‍ വിവാഹസമ്മാനം നല്‍കി. വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍, കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍, ഗാന്ധിഭവന്‍ ട്രസ്റ്റി പ്രസന്ന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, അംഗം ഷീജ ഷാനവാസ്, എം.എസ്. ഭുവനേന്ദ്രന്‍, കെ.ജി. രവി, കെ. ധര്‍മ്മരാജന്‍, നടുക്കുന്നില്‍ വിജയന്‍ എന്നിവർ പങ്കെടുത്തു.
വിവാഹത്തിനാവശ്യമായ സ്വർണം, താലി, വരണമാല്യം, വിവാഹവസ്ത്രം, സമ്മാനങ്ങള്‍, യാത്രാചെലവ് എന്നിവ ജീവകാരുണ്യ പ്രവര്‍ത്തകരായ എ. ജയന്തകുമാര്‍, എവര്‍മാക്സ് ബഷീര്‍, തലവടി പി.ആര്‍. വിശ്വനാഥന്‍ നായര്‍, രാജീവ് രാജധാനി എന്നിവര്‍ ചേര്‍ന്നാണ് സമ്മാനിച്ചത്.
മല്ലപ്പള്ളി ശിശുവികസന ഓഫിസര്‍ കെ. ജാസ്മിന്‍, അംഗന്‍വാടി അധ്യാപിക പി.കെ. കുഞ്ഞുമോള്‍ എന്നിവര്‍ക്ക് ഗാന്ധിഭവന്‍ ഗോത്രമിത്ര അവാര്‍ഡ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.