അടൂരിന് വരയാദരം
text_fieldsപത്തനാപുരം: വിശ്വത്തിനും ശങ്കരന്‍കുട്ടിക്കും ശ്രീധരനും ബഷീറിനുമെല്ലാം തൂലികയിലൂടെ ജീവന് പകര്‍ന്ന വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് വർണങ്ങളിലൂടെ വരയാദരവ് ഒരുക്കുകയാണ് പുനലൂർ കമുകുംചേരി പ്രമോദ് പുലിമലയിൽ. ചിത്രകലാകാരനും ചിത്രകല അധ്യാപകനുമാണ് പ്രമോദ്. അടൂർ ഗോപാലകൃഷ്ണന്റെ 83ാം പിറന്നാളിന്റെ ഭാഗമായി 12 സിനിമകളുടെ പശ്ചാത്തലം പ്രമോദ് കാന്‍വാസിലേക്ക് പകര്‍ത്തുകയാണ്. സിനിമകളിലെ പ്രധാന നായകനെയും നായികയെയും ഉൾപ്പെടുത്തി പിന്നണിയിൽ അടൂർ ഗോപാലകൃഷ്ണനെ കൂടി ഉൾപ്പെടുത്തിയുള്ള ചിത്രങ്ങള്‍ സുന്ദരമാണ്.
സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽ കുത്ത്, നാലു പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ട് ആണും, പിന്നെയും എന്നിങ്ങനെ അടൂർ അനശ്വരമാക്കിയ 12 സിനിമയിലെ കഥാപാത്രങ്ങളെയാണ് ജീവൻ തുടിക്കുന്ന 12 ചിത്രങ്ങളായി കാൻവാസിൽ പകർത്തിയിരിക്കുന്നത്. 1972 മുതൽ 2019 വരെ മലയാളത്തിന്റെ കഥാപുരുഷൻ ഒരുക്കിയ വെള്ളിത്തിരയിലെ മഹാത്ഭുതങ്ങളെ കോറിയിടാൻ കഴിഞ്ഞതിലൂടെ അദ്ദേഹത്തിന് വ്യത്യസ്തമായൊരു ആദരമാണ് പ്രമോദ് ഒരുക്കുന്നത്.
സിനിമയിൽ കലാസംവിധായകനായ പ്രമോദ് ഐ.സി.സി.ആറിന്റെ രാജ്യാന്തര ചിത്രകലാമേളയിൽ പങ്കെടുത്തിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ ഉൾപ്പെടുത്തി പ്രദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രമോദ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചിത്രകലയിൽ ഡിപ്ലോമ നേടിയ പ്രമോദിനെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. അധ്യാപികയായ വീണയാണ് ഭാര്യ. ഏഴാം ക്ലാസുകാരി ധ്വനി മകളാണ്. പുനലൂര്‍ കേന്ദ്രമാക്കി ചിത്രകലപഠനകേന്ദ്രം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.