അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു; പഠനം നഷ്ടപ്പെട്ട് ആവണിപ്പാറയിലെ കുട്ടികള്‍
text_fieldsപത്തനാപുരം: അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് വർധിച്ചാൽ ആവണിപ്പാറ ഗിരിവര്‍ഗ്ഗ കോളനിയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങും. മഴ ശക്തമായി ആറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ഒരാഴ്ചയായി സ്കൂളുകളില്‍ പോകാൻ കഴിയുന്നില്ല. പാലം നിർമാണം തറക്കല്ലിൽ ഒതുങ്ങി.
അലിമുക്ക് അച്ചന്‍കോവില്‍ പാതയുടെ മറുകരയിലാണ് അരുവാപ്പുലം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആവണിപ്പാറ ആദിവാസി കോളനി. ഇവിടെ നിന്ന് ചെമ്പനരുവി എല്‍.പി സ്കൂളിലേക്കും അച്ചന്‍കോവില്‍ ഗവ. സ്കൂളുകളിലേക്കും നിരവധി കുട്ടികളാണ് പോകുന്നത്. എന്നാല്‍, ഈ വര്‍ഷം അധ്യയനം ആരംഭിച്ചതിന് ശേഷം ചുരുക്കം ദിവസങ്ങള്‍ മാത്രമേ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടുള്ളു.
അച്ചന്കോവിലാറ്റിന് കുറുകെ വള്ളത്തിലാണ് വിദ്യാർഥികള്‍ ഇരുകരകളിലേക്കും സഞ്ചരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ വള്ളം കാലപഴക്കം കാരണം നശിച്ചു. പിന്നാലെ കടമ്പനാട് സ്വദേശിയായ വൈദികന് നല്കിയ ഫൈബര്‍ ബോട്ട് ഒഴുക്ക് വെള്ളത്തില്‍ ഉപയോഗിക്കാനും കഴിയില്ല. പിന്നെയുള്ളത് മുളച്ചങ്ങാടമാണ്.
മഴയായതോടെ ശക്തമായ നീരൊഴുക്കുള്ള അച്ചന്‍കോവില്‍ ആറ്റില്‍ ചങ്ങാടത്തിലെ യാത്ര സുരക്ഷിതമല്ല. ജലനിരപ്പ് ഉയര്‍ന്നതോടെ മുളച്ചങ്ങാടം ഉപയോഗിക്കാന്‍ കഴിയില്ല. ഇതോടെ ഗതാഗതസംവിധാനങ്ങളെല്ലാം ബുദ്ധിമുട്ടിലായി.
നദിയിലെ ശക്തമായ നീരൊഴുക്കുമൂലം കോളനിയിലെ 34 കുടുംബങ്ങൾ ഒറ്റപ്പെട്ട് ജീവിക്കുകയാണ്. ഇത് വിദ്യാർഥികളെയാണ് ഏറെയും വലയ്ക്കുന്നത്.
ആറിന് കുറുകെ പാലം നിർമിക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ നടപടിയുണ്ടായില്ല. അടൂര്‍ പ്രകാശ് മന്ത്രിയായിരുന്ന കാലത്ത് പാലത്തിനായി തറക്കല്ലിട്ടതല്ലാതെ തുടര്‍പ്രവര്‍ത്തനം ഉണ്ടായില്ല.
മഴയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ജലനിരപ്പ് ഉയരുന്നതിന് മുമ്പു തന്നെ സ്കൂളില്‍നിന്ന് കുട്ടികളെ വിടുകയാണ് പതിവ്. എല്ലാ ദിവസവും രാവിലെ സ്കൂളിലേക്ക് തയാറായെത്തുന്ന കുട്ടികള്‍ പലപ്പോഴും ആറ്റിന്റെ തീരം വരെ എത്തി തിരികെ പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.