വയനാട്ടിലേക്ക് 100 കട്ടിലുകള്‍: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അബ്ദുൽ അസീസ്
text_fieldsപത്തനാപുരം: വയനാട്ടിലേക്ക് 100 കട്ടിലുകൾ നിർമിച്ചുനൽകി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയാണ് മുന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പത്തനാപുരം സ്വദേശി അബ്ദുൽ അസീസ്. ഇതിനായി പെൻഷൻ തുകയുടെ ഒരുവിഹിതം നീക്കിവെക്കുകയാണ് ഇദ്ദേഹം. 35 വർഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കൊല്ലം ഡി.എം.ഒ ഓഫിസിലെ പ്രോഗ്രാം ഓഫിസർ ആയാണ് ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചത്. തുടർന്ന് പൊതുപ്രവർത്തനരംഗത്തും സേവനപ്രവർത്തനത്തിലും സജീവമായി.
വെള്ളപ്പൊക്കം, പ്രളയം, സൂനാമി തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ സഹജീവികൾക്ക് താങ്ങും തണലുമായിട്ടുണ്ട് ഇദ്ദേഹം. സുഹൃത്തും സമീപവാസിയുമായ ബിനുവിന്റെ നേതൃത്വത്തിലാണ് കട്ടിൽ നിർമാണം. തേക്ക്, മാഞ്ചിയം, അക്കേഷ്യ, ആഞ്ഞിലി തുടങ്ങിയ ഗുണനിലവാരമുള്ള തടികളാണ് ഉപയോഗിക്കുന്നത്. ഇരുമ്പോ പ്ലൈവുഡോ ഉപയോഗിച്ചാല്‍ കാലപ്പഴക്കത്താൽ കേടുപാടുകള്‍ സംഭവിക്കുമെന്നുള്ളതുകൊണ്ടാണ് മെച്ചപ്പെട്ട തടിയില്തന്നെ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന് ഏഴ് ലക്ഷത്തോളം രൂപയാണ് ചെലവ്. 14 വർഷമായി വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹം മുമ്പ് തിരുവനന്തപുരം ആർ.സി.സിയിലേക്ക് 20 കട്ടിലുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തിരുന്നു. 98 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു വാഹനം നിറയെ പച്ചക്കറികളുമായാണ് ദുരിതബാധിതമേഖലകളിലേക്ക് എത്തിയത്. ഭാര്യ താഹിറയും സേവനപ്രവർത്തനങ്ങൾക്ക് പിന്തുണയുമായുണ്ട്. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ് അബ്ദുൽ അസീസ്. വയനാട്ടിലെ പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക് കട്ടിലുകൾ എത്തിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.