വന്യമൃഗശല്യം: കൊല്ലത്ത് സി.പി.എം സമരത്തിനൊരുങ്ങുന്നു
text_fieldsപത്തനാപുരം: വനാതിര്‍ത്തി ഗ്രാമങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി, മുള്ളുമല, വലിയറപച്ച, കുമരംകുടി, കടശ്ശേരി കറവൂർ-അച്ചൻകോവിൽ പാത എന്നിവിടങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് കാട്ടാനക്കൂട്ടമെത്തുന്നത്. ഇരുചക്ര യാത്രക്കാർ, ഫാം തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. ആനയെ കണ്ട് ഓടി വീണ് അപകടം പതിവാകുകയാണ്.
കഴിഞ്ഞ ദിവസം ജനവാസമേഖലയില്‍ ഇറങ്ങിയ ആന കെട്ടിടങ്ങളും മതിലുകളും തകർത്തു. കാർഷിക മേഖല പൂർണമായി തകർത്തുകൊണ്ടാണ് ജനവാസ മേഖലയിൽ ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം. ജനവാസ മേഖലയും വനമേഖലയും, വേർതിരിച്ച് കിടങ്ങ് കുഴിക്കുകയും, കറവൂർ കോട്ടക്കയം റോഡ് വശങ്ങളിലെ കാട് നീക്കം ചെയ്യുകയും വേണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു.
ചാലിയേക്കര ഇഞ്ചപ്പള്ളി വനാന്തർഭാഗത്തേക്ക് ആനകളെ ഓടിച്ചുകയറ്റിയ ശേഷം വനവും ജനവാസ മേഖലയും തരം തിരിച്ച് കിടങ്ങ് കുഴിക്കണമെന്നും സായുധ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ഒരു യൂനിറ്റും വാഹനവും മേഖലയിൽ അനുവദിക്കണമെന്നും പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം നേതാക്കളായ കറവൂർ എൽ. വർഗീസും ശ്രീനിവാസനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.