കിഴക്കൻമലയോര മേഖലയിൽ വന്യമൃഗവേട്ട വർധിക്കുന്നു
text_fieldsപത്തനാപുരം: വനം കൈയടക്കുന്ന മനുഷ്യെൻറ തോക്കിൻമുനയിൽ പിടഞ്ഞുതീരുകയാണ് കാടിെൻറ സ്വന്തം ജന്തുജാലങ്ങൾ. വനാതിർത്തിയിലെ ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവനമാർഗമായി വന്യമൃഗവേട്ട മാറുന്ന കാഴ്ചയാണ് ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ. റിസർവ് വനത്തിൽ ഉൾപ്പെടെ അതിക്രമിച്ച് കയറി നിയമവിരുദ്ധമായി മൃഗങ്ങളെ വേട്ടയാടി മാംസവും മറ്റ് ശരീരഭാഗങ്ങളും വിൽക്കുന്ന സംഘങ്ങളുടെ പ്രവർത്തനം ഞെട്ടിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. വേട്ട സംഘങ്ങള്‍ ഉപയോഗിക്കുന്ന അപകടകരമായ വസ്തുക്കള്‍ പലപ്പോഴും മനുഷ്യജീവന്വരെ ഇല്ലാതാക്കുന്നു.
കൊല്ലം - പത്തനംതിട്ട ജില്ല അതിർത്തിയും കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയും വേര്‍തിരിച്ചുകൊണ്ട് ഒരുപോലെ കടന്നുപോകുന്ന വനമേഖലയാണ് അച്ചന്‍കോവില്‍, ശെന്തുരുണി എന്നിവ. ഇവയുടെ ഭാഗമായ പാടം, പൂമരുതിക്കുഴി, കിഴക്കേ വെള്ളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശ്ശേരി, ചെമ്പനരുവി, കൂട്ടുമുക്ക്, അമ്പനാര്‍, തെന്മല തുടങ്ങി വനവുമായി അതിര്‍ത്തി പങ്കിടുന്ന മിക്ക ഗ്രാമങ്ങളിലും മൃഗവേട്ട നടക്കുന്നതായി സൂചനയുണ്ട്. ലൈസൻസ് ആവശ്യമില്ലാത്ത നാടൻ തോക്കുകളുപയോഗിച്ചാണ് മൃഗവേട്ട. പന്നി, കേഴ, കൂരൻ, മുള്ളൻ പന്നി, കാട്ടുപോത്ത്, മ്ലാവ് എന്നിവയാണ് വേട്ടക്കാരുടെ പ്രധാന ഇരകൾ. എയർഗൺ ഉപയോഗിച്ച് ചെവിയൻ, മലയണ്ണാൻ, കീരി, പാറാൻ, കൂരാന് എന്നിവയെയും ചില അപൂർവയിനം പക്ഷികളെയും കൊല്ലുന്നതും പതിവായിട്ടുണ്ട്. വന്യമൃഗങ്ങളുടെ കൊമ്പ്, നഖങ്ങള്‍ തോൽ എന്നിവക്ക് വലിയ ഡിമാൻഡാണ്. പെരുമ്പാമ്പിനെ മോഷ്ടിച്ചതും പുലിനഖവുമായി ഒരു സംഘത്തെ പിടികൂടിയതും കിഴക്കൻ മേഖലയിൽ തന്നെയാണ്.
വേട്ടക്ക് ഷോക്കും സ്ഫോടനവും
വൈദ്യുതിവേലികളും സ്ഫോടകവസ്തുക്കളുമാണ് മൃഗങ്ങളെ പിടികൂടാന്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. കൃഷിസ്ഥലത്തേക്ക് മൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് സോളാര്‍ ഫെന്‍സിങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. സമാന മാതൃകയില്‍ ഉയര്‍ന്ന വോൾട്ടേജിലുള്ള വൈദ്യുതി പ്രവഹിക്കുന്ന വേലികള്‍ സ്ഥാപിച്ച് അതുവഴിയാണ് മൃഗവേട്ട. കമ്പികളില്‍ തട്ടുന്ന മൃഗങ്ങള്‍ രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ അകപ്പെടുന്നു. വനമേഖലയോട് ചേര്‍ന്ന ജനവാസപ്രദേശങ്ങളില്‍ വന്യമൃഗശല്യം തടയാനെന്ന പേരില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉപയോഗിച്ചാണ് അനധികൃത വേലികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ സ്ഥാപിച്ച വേലിയില്‍ തട്ടി രണ്ട് വര്‍ഷം മുമ്പ് പാടം സ്വദേശിയായ ആഷിക് എന്ന യുവാവ് മരിച്ചിരുന്നു. വന്യമൃഗങ്ങളില്‍നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ സ്വകാര്യ വേലികള്‍ സ്ഥാപിക്കാറുണ്ടെങ്കിലും അതില്‍ വൈദ്യുതി കടത്തിവിടുന്നത് കുറ്റകരമാണ്.
കഴിഞ്ഞവര്‍ഷം അമ്പനാര്‍ കോട്ടക്കയം മേഖലയില്‍ കാട്ടാന ചരിഞ്ഞ സംഭവവും പന്നിപ്പടക്കം വെച്ച് സ്ഫോടനം ഉണ്ടാക്കിയതിലൂടെയാണ്. കൈതച്ചക്ക, ചക്ക തണ്ണിമത്തന്, അത്തിപ്പഴം, തേങ്ങ എന്നിങ്ങനെ മൃഗങ്ങളെ ആകര്‍ഷിക്കുന്ന ഭക്ഷണ വസ്തുക്കളിലാണ് പടക്കംവെക്കുന്നത്. പന്നിയെയും മ്ലാവിനെയും ലക്ഷ്യംെവച്ച് തയാറാക്കുന്ന കെണികളില്‍ മിക്കപ്പോഴും പതിക്കുന്നത് ആനയോ മറ്റ് വന്യമൃഗങ്ങളോ ആണ്. കൃഷിയിടത്തിലിറങ്ങുന്ന പന്നിയെയും ആനയെയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി കാടുകയറ്റി വിടാന്‍ മാത്രമാണ് അനുവാദമുള്ളത്. മൃഗവേട്ടക്കായി സ്ഫോടകശക്തി കൂടിയ പടക്കങ്ങള്‍ പ്രത്യേകം തയാറാക്കുകയാണ്. പഴം കഴിക്കുന്ന മൃഗങ്ങളുടെ തലയോട്ടിയോട് ചേര്‍ന്ന് മുഖം പൊട്ടിത്തെറിക്കും. പിന്നീട് തല അറുത്തുമാറ്റി മൃഗത്തെ ചെറിയ കഷ്ണങ്ങളാക്കിയാണ് വില്പന. ഇത്തരം രീതികൾ കൂടാതെ കാടുകയറിയുള്ള മൃഗവേട്ടയും ഇപ്പോള്‍ വ്യാപകമായി കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴയില്‍നിന്ന് പിടികൂടിയ എസ്റ്റേറ്റ് ജീവനക്കാരില്‍നിന്ന് നിരവധി തോക്കുകളാണ് വനംവകുപ്പ് കണ്ടെത്തിയത്.
വില ആയിരങ്ങൾ മുതല്‍ ലക്ഷങ്ങള്‍ വരെ
മൃഗവേട്ട ഒറ്റപ്പെട്ടതല്ല. കൃത്യമായ ആസൂത്രണത്തോടെ പിന്നില്‍ വൻ മാഫിയതന്നെയാണ് പ്രവർത്തിക്കുന്നത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതികളെ പിടികൂടുന്നുണ്ടെങ്കിലും ഇതിന് അവസാനമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ദിനംപ്രതി കൂടുതല്‍ ആളുകള്‍ തോക്കെടുത്ത് വന്യജീവനുകൾക്കുനേരെ ചൂണ്ടി ഇൗ രംഗത്തെത്തുന്നു എന്നതാണ് യാഥാർഥ്യം. വന്യമൃഗങ്ങളുടെ മാംസത്തിന് ലഭിക്കുന്ന സ്വപ്നവിലയാണ് സംഘങ്ങളെ ഇതിലേക്ക് എത്തിക്കുന്നത്. പിടികൂടുന്ന മൃഗങ്ങളുടെ ഇറച്ചി കാട്ടിനുള്ളിൽതന്നെ െവച്ച് ചെറിയ കവറുകളിലാക്കിയാണ് വിൽപന. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ സമയമെടുത്ത് കാട്ടിറച്ചി പാകപ്പെടുത്തി വില്പന നടത്തുന്നുമുണ്ട്. ഉണക്കി സൂക്ഷിക്കാനും ഇവര്‍ക്ക് വനത്തിനുള്ളില്‍തന്നെ സംവിധാനങ്ങളുണ്ട്.
കാട്ടിറച്ചിക്ക് പ്രത്യേക വിലനിലവാരവുമുണ്ട്. വാലിക്കാണ് കൂടുതല്‍ ഡിമാൻഡ്. ഔഷധഗുണമുള്ളതിനാല്‍ തന്നെ വാലിക്ക് അയ്യായിരം മുതൽ പതിനായിരം രൂപവരെയാണ് വില. കേഴക്ക് ആയിരം രൂപയും പന്നി, കാട്ടുപോത്ത്, മ്ലാവ് ഇവക്ക് 500 മുതൽ 800 വരെയും വിലയുണ്ട്. മുയല്, കാട്ടുപോത്ത്, കേഴ, മാന്‍, മലയണ്ണാന് എന്നിവ മൊത്തത്തില്‍ വാങ്ങാനായി വലിയ ഭക്ഷണശാല ഉടമകള്വരെ എത്താറുണ്ടത്രെ.
ഇരുതലമൂരി, പെരുമ്പാമ്പിെൻറ നെയ്യ്, പുലി നഖം, തോൽ, ആനക്കൊമ്പ് എന്നിവക്ക് ലക്ഷങ്ങളാണ് വില. സുരക്ഷിതമായി അതിര്‍ത്തി കടത്താന്‍ കഴിഞ്ഞാല്‍ വില പിന്നെയും വർധിക്കും. കഴിഞ്ഞ ദിവസം കടശ്ശേരി മേഖലയില്‍നിന്ന് പിടിച്ച മൃഗവേട്ട സംഘത്തിെൻറ കൈയില്‍നിന്ന് മാംസം വാങ്ങാന്‍ തെക്കന്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തുന്നുണ്ടായിരുന്നു. തെന്മല, അച്ചന്‍കോവില്‍, പുനലൂര്‍ വനം ഡിവിഷനുകള്‍ സംഗമിക്കുന്ന മുക്കവല (ട്രൈജങ്ഷൻ) ആണ് അമ്പനാട്. ഇതിനാല്‍തന്നെ മൃഗവേട്ട സംഘങ്ങള്‍ കൂടുതലും കേന്ദ്രീകരിക്കുന്നത് ഈ മേഖലയാണ്.
--------------------------------
മൃഗവേട്ടക്ക് പിന്നില്‍ വലിയ ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. കാട്ടിറച്ചിക്കായി നിരവധിയാളുകളാണ് മലയോരമേഖലയിലേക്ക് എത്തുന്നത്. ഇറച്ചി വന്‍തോതില്‍ വാങ്ങാനും സംരക്ഷിക്കാനും ഇടനിലക്കാരും ഏറെയാണ്. മൃഗവേട്ട സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. നായാട്ട് സംഘത്തിനാവശ്യമായ ആയുധങ്ങള്‍ എവിടെനിന്ന് ലഭിക്കുന്നുവെന്നും അന്വേഷിക്കണം. റിസര്‍വ് വനത്തിനുള്ളില്‍ പ്രവേശിച്ച് നിയമവിരുദ്ധമായി മൃഗങ്ങളെ വേട്ടയാടുന്നവര്‍ക്കെതിരെ നിയമനടപടി ശക്തമാക്കണം.
എസ്. ഉല്ലാസ്, നാട്ടുകാരന്
വനത്തിനുള്ളില്‍ നിരവധി നാളുകളായി മൃഗവേട്ട വ്യാപകമായി നടക്കുന്നുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. കാടിനുള്ളിലെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും അറിയാനും കഴിയുന്നത് ആദിവാസികള്‍ക്കാണ്. മൃഗങ്ങളുടെ വാസസ്ഥലങ്ങളും അവരുടെ നീക്കങ്ങളും കാടിനുള്ളിലെ കൃത്യമായി രീതികളും ആദിവാസികള്‍ നന്നായി മനസ്സിലാക്കിയവരാണ്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് നിരന്തരം ഇവര്‍ കാടിനുള്ളില്‍തന്നെ ഉണ്ടാകും. അതിനാല്‍തന്നെ വനംവകുപ്പിെൻറ വാച്ചര്‍ തസ്തികയിലേക്ക് ആദിവാസികളെ മാത്രം പരിഗണിക്കണം. നിലവില്‍ ട്രൈബൽ മേഖലകളിൽനിന്നുള്ള വാച്ചർമാരെ സ്ഥിരപ്പെടുത്തണം. തൊഴിലില്ലാത്ത ആദിവാസി സമൂഹത്തിന് മുന്‍ഗണന നൽകണം.
സന്തോഷ് മുള്ളുമല, (ആദിവാസി ഡെവലപ്മെൻറ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ്)
അമ്പനാട് വനമേഖലയുമായി ചേര്‍ന്ന് നിരവധി എസ്റ്റേറ്റുകളുണ്ട്. വേട്ട സംഘങ്ങള്‍ എസ്റ്റേറ്റുകളിലെ ലയങ്ങളിലാണ് കൂടുതലെത്തുന്നത്. രണ്ട് മാസം വരെ ലയങ്ങളില്‍ താമസിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ പുനലൂര്‍ വനം ഡിവിഷെൻറ കീഴില്‍ പ്രത്യേകം രൂപവത്കരിച്ച ഫോറസ്റ്റ് ഇൻറലിജന്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനം കൊണ്ട് നിരവധി മൃഗവേട്ട സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്. എസ്റ്റേറ്റും ലയങ്ങളും കേന്ദ്രീകരിച്ചും ഇനി പരിശോധനകളും അന്വേഷണങ്ങളുമുണ്ടാകും. ഇവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ സംബന്ധിച്ച് പൊലീസുമായി സഹകരിച്ച് സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.
ബി. ദിലീഫ് (പത്തനാപുരം റേഞ്ച് ഓഫിസര്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.