അയോഗ്യരാക്കിയ അംഗങ്ങൾക്ക് ഓണറേറിയം നൽകണം -ഹൈകോടതി
text_fieldsകുന്നത്തൂർ: 2018 ൽ ഇലക്ഷൻ കമീഷൻ അയോഗ്യരാക്കിയ ശേഷം ഹൈകോടതി ഉത്തരവിലൂടെ അംഗത്വം പുനഃസ്ഥാപിച്ച കുന്നത്തൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങൾക്ക് ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ഉത്തരവ്. കഴിഞ്ഞതവണ പഞ്ചായത്തിൽ കോൺഗ്രസ് ഭരണം നേടുന്നതിന് ഇടയാക്കിയ സി.പി.ഐ അംഗങ്ങളായ പി.എസ്. രാജശേഖരൻപിള്ള, സതി ഉദയകുമാർ എന്നിവർക്കാണ് ഹൈകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. ഉത്തരവ് കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. രണ്ട് സ്വതന്ത്രഅംഗങ്ങളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന എൽ.ഡി.എഫിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽനിന്ന് ഇരുവരും വിട്ടുനിന്നിരുന്നു.
ഇതോടെ ഭരണം കുന്നത്തൂർ പ്രസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസിന് ലഭിച്ചു. നേതൃത്വം നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ വിട്ടുനിന്നത്. എന്നാൽ, തങ്ങൾ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് അംഗങ്ങൾ നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലാത്തതിനാൽ കൂറുമാറ്റം ആരോപിച്ച് സി.പി.ഐ ഇലക്ഷൻ കമീഷനെ സമീപിക്കുകയും കമീഷൻ ഇരുവർക്കും ആറു വർഷത്തേക്ക് അയോഗ്യത കൽപിക്കുകയും ചെയ്തു. ഇലക്ഷൻ കമീഷന്റെ വിധി ചോദ്യം ചെയ്തുകൊണ്ട് അയോഗ്യരാക്കപ്പെട്ട അംഗങ്ങൾ അഡ്വ. സതീശൻ മുഖാന്തരം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് അംഗത്വം പുനഃസ്ഥാപിച്ച ഹൈകോടതി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും വോട്ടവകാശവും ഓണറേറിയവും റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ഷൻ കമീഷൻ അയോഗ്യരാക്കിയ ജനപ്രതിനിധികളുടെ അംഗത്വം ഹൈകോടതി ഇടപെട്ട് പുനഃസ്ഥാപിച്ചത്. വോട്ടവകാശവും ഓണറേറിയവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി വീണ്ടും ഹൈകോടതിയെ സമീപിച്ചതിനെതുടർന്നാണ് ആറ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വീണ്ടും അനുകൂല വിധി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.