വൈദ്യുതാഘാതമേറ്റു വീണ മയിലിന് രക്ഷകരായി നാട്ടുകാർ
text_fieldsഇരവിപുരം: വൈദ്യുതാഘാതമേറ്റ് നിലത്തുവീണ മയിലിന് നാട്ടുകാർ രക്ഷകരായി. മയ്യനാട് കാരിക്കുഴിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാരിക്കുഴി വയലിൽനിന്ന് പറന്നുയരവേ 11 കെ.വി വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മയിൽ റോഡിലേക്ക് വീഴുകയായിരുന്നു. കുറച്ചുനാളുകളായി പ്രദേശത്തുണ്ടായിരുന്ന രണ്ട് മയിലുകളിൽ ഒരു മയിലിനാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് വീണ മയിലിനെ രാജേഷ് മോഹൻ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് പരവൂർ ഗവ. വെറ്ററിനറി ആശുപത്രി ഡോക്ടർ ജിനി ആനന്ദ് എത്തി ഇൻജക്ഷനും ഗ്ലൂക്കോസ് വെള്ളവും നൽകി. പിന്നീട് കൊല്ലം വനം വകുപ്പ് ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോബി എത്തി മയിലിനെ കൊണ്ടുപോയി. വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ആരോഗ്യനില തൃപ്തികരമാണെങ്കിൽ വനത്തിൽ തുറന്നുവിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.