അച്ചൻകോവിലിെൻറ ആരോഗ്യത്തിന് കരുതലൊരുങ്ങുന്നു
text_fieldsപുനലൂർ: വനമധ്യേയുള്ള അച്ചൻകോവിൽ ഗ്രാമത്തിൽ ആരോഗ്യപരിപാലന രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം പൂർത്തിയാകുന്നു. ജില്ലയിലെ തന്നെ ആരോഗ്യ പ്രാഥമിക കേന്ദ്രങ്ങളിൽ ഏറ്റവും അധികം സൗകര്യത്തോടെയുള്ള പുതിയ കെട്ടിട നിർമാണം അവസാനഘട്ടത്തിലാണ്. നിലവിൽ കുട്ടത്തിമണ്ണിലുള്ള പി.എച്ച്.സിയുടെ കെട്ടിടം തകർച്ചയിലാണ്. ഇതിനടുത്ത് വനം ഡിവിഷൻ ഓഫിസിന് സമീപമാണ് പുതിയ കെട്ടിടം നിർമാണം പൂർത്തിയാകുന്നത്. 2017-18 കാലയളവിൽ ആര്യങ്കാവ് പഞ്ചായത്ത് ആശുപത്രി കെട്ടിടം നിർമിക്കാനായി 14 സെൻറ് ഭൂമി വാങ്ങി ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എൻ.ആർ.എച്ച്.എം) കെട്ടിടം നിർമിക്കുന്നതിന് നാലുകോടി രൂപയാണ് അനുവദിച്ചത്. മൂന്നു നിലകളിലുള്ള കെട്ടിടത്തിൽ 7300 ചതുരശ്ര അടി വിസ്ത്രീർണമുണ്ട്.
കിടത്തി ചികിത്സ, ലാബ്, എക്സറേ, സ്കാനിങ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാനുള്ള സ്ഥലമുണ്ട്. കൂടാതെ ഡോക്ടർമാരടക്കം ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. കെ.എസ്.ഇ.ബിയുടെ നിർമാണ വിഭാഗത്തിനാണ് നിർമാണ കരാർ. ഇലക്ട്രിക്, പ്ലംമ്പിങ് ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഈമാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറും.
വേണ്ടത് കുടുംബാരോഗ്യ കേന്ദ്രം
പുനലൂർ: അച്ചൻകോവിൽ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന ആവശ്യം ഉയരുന്നു. കിടത്തിചികിത്സ അടക്കം സൗകര്യങ്ങൾ ഉണ്ടെങ്കിലെ പുതിയ കെട്ടിടം കൊണ്ട് നാട്ടുകാർക്ക് പ്രയോജനമുള്ളൂ. നിലവിലെ പി.എച്ച്.സിയിൽ ഉച്ചവരെയുള്ള ഒ.പി സൗകര്യമാണുള്ളത്.
ഇതും അടുത്തകാലത്ത് തുടങ്ങിയതാണ്. മുമ്പ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉച്ചവരെ ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. ബാക്കിസമയങ്ങളിൽ ഈ ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കാറില്ല. വളരെ അകലെയുള്ള പുനലൂരിലോ ചെങ്കോട്ടയിലോ ഉള്ള ആശുപത്രികളിൽ എത്തിയാലേ ചികിത്സ കിട്ടുകയുള്ളൂ. ഇത് പലപ്പോഴും അടിയന്തരചികിത്സ ആവശ്യമായവരുടെ ജീവൻ പൊലിയുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്. പുതിയ ബഹുനില മന്ദിരം നിർമിച്ചിട്ട് അതിനനുസരിച്ച ചികിത്സസൗകര്യം ഒരുക്കിയിെല്ലങ്കിൽ നാട്ടുകാർക്ക് എന്ത് പ്രയോജനമെന്നാണ് ഇവിടുള്ളവർ ചോദിക്കുന്നത്.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന മുറക്ക് കിടത്തി ചികിത്സയോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തമെന്ന് മുൻ ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് അച്ചൻകോവിൽ സുരേഷ്ബാബു ആവശ്യമുന്നയിക്കുന്നു.ഇദ്ദേഹം പ്രസിഡൻറായിരുന്നപ്പോഴാണ് പഞ്ചായത്ത് ഭൂമി വാങ്ങി നൽകി ആശുപത്രി കെട്ടിടം നിർമാണം തുടങ്ങിയത്.
ഇനിയെങ്കിലും അവസാനിക്കുമോ ചികിത്സദുരിതം
പുനലൂർ: പുതിയ ബഹുനിലമന്ദിരം പൂർത്തിയാകുന്നതോടെ ചികിത്സ രംഗത്ത് തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഇനിയെങ്കിലും അറുതിയാകുമോ എന്ന ചോദ്യമാണ് അച്ചൻകോവിലുകാർ ഉയർത്തുന്നത്.ആര്യങ്കാവ് പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾക്കൊണ്ട അച്ചൻകോവിലിൽ 2000ത്തിലധികം ജനസംഖ്യയുണ്ട്.
പ്രധാന ശാസ്താക്ഷേത്രം, ഹയർ സെക്കൻഡറി സ്കൂൾ, കുംഭാവുരുട്ടി അടക്കം ഇക്കോടൂറിസം കേന്ദ്രങ്ങൾ, ഡിവിഷൻ ഓഫിസ് അടക്കം ഒരു ഡസനോളം വനം ഓഫിസുകൾ, പ്രീമെട്രിക് ഹോസ്റ്റൽ, പൊലീസ് സ്റ്റേഷൻ, ചെക്പോസ്റ്റുകൾ, എക്സൈസ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഗ്രാമത്തിലുണ്ട്. ശബരിമല മണ്ഡല വൃതകാലത്തും മറ്റ് വിശേഷദിവസങ്ങളിലും ഇവിടുത്തെ ശാസ്താക്ഷേത്രത്തിൽ തമിഴ്നാട്ടിൽ നിന്നടക്കം നിരവധി ഭക്തർ എത്താറുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗങ്ങളും തിങ്ങിതാമസിക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് ചികിത്സ സംബന്ധമായ കാര്യങ്ങൾക്കാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ 45 കിലോമീറ്റർ അകലെയുള്ള പുനലൂരിലോ 25 കിലോമീറ്റർ ദൂരമുള്ള ചെങ്കോട്ടയിലോയുള്ള ആശുപത്രികളാണ് ആശ്രയം.
രണ്ടുഭാഗത്തേക്കും കിലോമീറ്ററുകൾ വനം താണ്ടിവേണം ചികിത്സക്ക് പോകാൻ. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ വന്യജീവികളുടെ ആക്രമണവും പതിവാണ്. ചെറിയ പനിയോ മറ്റ് അപകടങ്ങളോ വന്നാൽ പുറമേയുള്ള ആശുപത്രിയിൽ എത്തണമെങ്കിൽ ആയിരത്തിലധികം രൂപ വണ്ടി വാടക നൽകണം. ഇതുകാരണം വനത്തിലുണ്ടാകുന്ന അത്യാഹിതങ്ങൾ, പ്രസവ ചികിത്സ തുടങ്ങിയവക്ക് ദൂരെയുള്ള ആശുപത്രികളിലെത്തി ചികിത്സ തേടുംമുമ്പ് ആപത്തിൽപെടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ആദിവാസി സ്ത്രീകളടക്കം ആശുപത്രിയിലേക്കുള്ള വഴിമേധ്യ വാഹനത്തിലും പ്രസവിക്കുന്നതും സാധാരണമാണ്. പുതിയ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തോടെ ചികിത്സകിട്ടുന്നതിൽ നേരിടുന്ന ദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.