കുഴികൾ...കുഴികൾ; ദേശീയപാതയിൽ അപകടം പെരുകുന്നു
text_fieldsകരുനാഗപ്പള്ളി: ദേശീയപാതയിൽ വവ്വാക്കാവ് മുതൽ നീണ്ടകര പാലം വരെ റോഡിലെ കുഴികൾ അപകടഭീഷണിയായി മാറി. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള വീടുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ പകലും രാത്രിയിലും ട്രാഫിക് തടസങ്ങൾ പതിവാണ്. ഇതും അപകടം വർധിപ്പിക്കുന്നു. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾ ആഴത്തിലുള്ള കുഴിയിൽ വീണ് യാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാവുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞദിവസം വവ്വാക്കാവ് പെട്രോൾ പമ്പിന് തെക്കുവശം റോഡിന് ഇടതുവശം ഒന്നരഅടിയോളം ആഴത്തിലുള്ള കുഴിയിൽ അതുവഴി യാത്ര ചെയ്ത ഇരുചക്ര വാഹനത്തിലെ യാത്രക്കാരനായ യുവാവ് വീണു. ബൈക്കിന്റെ മുൻവശത്തെ വീൽ കുഴിയിൽ വീഴുകയും ഉടൻ ഇടതുഭാഗത്ത് യുവാവ് മറിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി.
പുതിയകാവിന് തെക്കുവശം ഷേഖ് പള്ളിയുടെ മുൻഭാഗം രാപ്പകൽ വ്യത്യാസമില്ലാതെ ഭക്തജനങ്ങളുടെ തിരക്കുള്ള സ്ഥലത്ത് 20 അടിയോളം ഭാഗം ആഴത്തിലുള്ള 12 കുഴികൾ രൂപപ്പെട്ടത് നികത്തുന്നതിന് ഇനിയും നടപടി ആയിട്ടില്ല.
പുള്ളിമാൻ ജങ്ഷൻ, ആശുപത്രി ജങ്ഷൻ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം, പോസ്റ്റ് ഓഫിസിന് മുൻവശം, കെ.എസ്.ആർ.ടി.സിക്ക് മുൻവശം, കരോട്ടുമുക്ക്, കന്നേറ്റിപാലത്തിന് തെക്കുവശം, കുറ്റിവട്ടം ജങ്ഷന് വടക്ക് പെട്രോൾ പമ്പിന് മുൻവശം, വെറ്റമുക്ക് ഭാഗത്തെ അപകടകരമായ വളവിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ട ഭാഗം, ഇടപ്പള്ളികോട്ട ജങ്ഷന് തെക്കും വടക്കും ഭാഗങ്ങൾ, ടൈറ്റാനിയം ജങ്ഷൻ, ശങ്കരമംഗലം ഹൈസ്കൂൾ ജങ്ഷൻ, തട്ടാശ്ശേരി ജങ്ഷന് തെക്കും വടക്കും ഭാഗങ്ങൾ, ചവറ ബസ്സ്റ്റാൻഡിന് മുൻവശം, ചവറ പാലത്തിന് തെക്കുവശം, നീണ്ടകര ഹോസ്പിറ്റലിന് മുൻവശം, നീണ്ടകര പാലത്തിന് വടക്കുവശം എന്നിവിടങ്ങളിലെല്ലാം ദേശീയപാതയുടെ ഇരുവശങ്ങളിലും ആഴത്തിലുള്ള കുഴികളാണ് രൂപപ്പെട്ട് കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.