പി.കെ. ഗോപൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ്
text_fieldsകൊല്ലം: ജില്ല പഞ്ചായത്തിലെ 13ാമത്തെ പ്രസിഡന്റായി കുന്നത്തൂർ ഡിവിഷനില്‍നിന്നുള്ള പി.കെ. ഗോപൻ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണപ്രകാരം സി.പി.ഐയിലെ സാം കെ. ഡാനിയേൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോള്‍ ചെയ്ത 26 വോട്ടില്‍ 23 വോട്ടിനാണ് വിജയം. യു.ഡി.എഫ് സ്ഥാനാർഥി ബ്രിജേഷ് എബ്രഹാമിന് മൂന്ന് വോട്ട് ലഭിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിയായ കലക്ടർ അഫ്സാന പർവീൺ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടയമംഗലം ഡിവിഷനില്‍നിന്നുള്ള സാം കെ. ഡാനിയേലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപനെ നിര്‍ദേശിച്ചത്. കരവാളൂർ ഡിവിഷനിലെ കെ. ഷാജി പിന്താങ്ങി.
സി.പി.എം ജില്ല കമ്മിറ്റി അംഗം, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം, ഗ്രന്ഥലോകം പത്രാധിപ സമിതിയംഗം, ശാസ്താംകോട്ട തടാകസംരക്ഷണ സമിതി ഏകോപന സമിതി കൺവീനർ, ദക്ഷിണേന്ത്യൻ കൾചറൽ സെന്റർ അംഗവുമാണ് പി.കെ. ഗോപൻ. സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, പു.ക.സ ജില്ല സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ്, സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കശുവണ്ടി തൊഴിലാളി യൂനിയൻ പ്രസിഡന്റ്, മണൽ തൊഴിലാളി യൂനിയൻ താലൂക്ക് സെക്രട്ടറി, ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം, ജനകീയാസൂത്രണം ഫാക്കൽറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പിറവി സാംസ്കാരിക സമിതിയുടെ ഇ.വി. കൃഷ്ണപിള്ള സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്.
ശൂരനാട് സമരചരിത്രം, എൻ.എസ് ഓരോർമ, അമ്പത്തൊന്ന് കമ്പികളുള്ള വീണ, സ്ത്രീ ജീവിതം, സ്വാതിതിരുനാൾ: മഹാരാജവും മഹാകവിയും, പെണ്ണിടം; മതം, മാർക്സിസം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അധ്യാപികയായ ബീനയാണ് ഭാര്യ. മക്കൾ: ചിരുത ഗോപൻ, സൂര്യൻ ഗോപൻ. അനുമോദന യോഗത്തിൽ എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, സുജിത്ത് വിജയൻപിള്ള, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുമലാൽ, സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
ഫാം ടൂറിസം സ്വപ്ന പദ്ധതി -പി.കെ. ഗോപൻ
കൊല്ലം: ജില്ലയിൽ കാർഷിക പദ്ധതികൾക്കും പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ. ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ ഫാം ടൂറിസം മികവുറ്റതാക്കാൻ കുര്യോട്ടുമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശ്രദ്ധേയ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയിൽ സമഗ്ര വികസനത്തിന് തരിശുഭൂമി കാർഷിക ഉപയുക്തമാക്കും.
ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള ജില്ലയിലെ 69 സർക്കാർ ഹൈസ്കൂളുകളിൽ നൂതന പദ്ധതികൾ ആവിഷ്കരിക്കും. പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യും. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആധുനിക സംവിധാനം ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കും. ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ യോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ഭരണപ്രതിപക്ഷമില്ലാതെ ജില്ല പഞ്ചായത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ച് സർഗാത്മക വികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.