എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരും വലയുന്നു
text_fieldsകൊല്ലം: എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും ഇഷ്ടമുള്ള കോഴ്സും സ്കൂളും തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നില്ല. ജില്ലയിൽ പ്ലസ് വൺ പ്രവേശനം തുടങ്ങിയ സാഹചര്യത്തിൽ ആദ്യ അലോട്ട്മെൻറ് ലഭിച്ച പല എ പ്ലസുകാർക്കും അനുയോജ്യമായ സ്കൂളിൽ പ്രവേശനം ലഭിച്ചില്ല. മുൻഗണനാക്രമത്തിൽ സ്കൂളുകളുടെ പട്ടിക നൽകിയ കുട്ടികൾക്ക് ആദ്യ പത്തിൽ എവിടെയും അലോട്ട്മെൻറ് ലഭിച്ചില്ല. 15 ഉം 16ഉം ഓപ്ഷൻ കൊടുത്ത സ്കൂളുകളിലാണ് ആദ്യ അലോട്ട്മെൻറിൽ എ പ്ലസ് നേടിയവർ പ്രവേശനം നേടിയത്. ചിലയിടത്താകട്ടെ സയൻസ് ഗ്രൂപ് ഓപ്ഷൻ വെച്ചവർക്ക് ഹ്യുമാനിറ്റീസിലാണ് പ്രവേശനം ലഭിച്ചത്. സ്വന്തം വീടിനുസമീപത്തെ സ്കൂളിലെ പ്രവേശനത്തിന് മുൻഗണന നൽകി അപേക്ഷ നൽകിയവർക്ക് അലോട്ട്മെൻറ് ലഭിച്ചതാകട്ടെ കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിൽ.
മികച്ച പഠനനിലവാരം പുലർത്തിയ പലർക്കും ഉപരിപഠനത്തിന് ആഗ്രഹിച്ച സ്കൂളുകളല്ല ആദ്യ അലോട്ട്മെൻറിൽ ലഭിച്ചത്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് 9701 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 6280 പെൺകുട്ടികളും 3421 ആൺകുട്ടികൾക്കുമായിരുന്നു എ പ്ലസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എ പ്ലസുകാരുടെ എണ്ണം വർധിച്ചത് പ്രവേശനത്തെയും ബാധിച്ചു. പ്രവേശന നടപടികളിലെ മാനദണ്ഡങ്ങൾ മികച്ച പഠനനിലവാരമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കുട്ടി പഠിച്ച സ്കൂൾ, പഞ്ചായത്ത്, താലൂക്ക് എന്നിവ പരിഗണിച്ചുള്ള വെയ്റ്റേഡ് ഗ്രേഡ് പോയൻറ് ആവറേജ് പ്രകാരമാണ് പ്രവേശനപട്ടികയിൽ ഇടം പിടിക്കുന്നത്. 90 മാർക്ക് ലഭിച്ചാലും 99 മാർക്ക് ലഭിച്ചാലും എ പ്ലസ് എന്നുമാത്രമാണ് സർട്ടിഫിക്കറ്റിൽ വരുന്നത്. 100 മാർക്ക് വാങ്ങിയവരും 90 മാർക്ക് ലഭിച്ചവരും തമ്മിൽ വേർതിരിവില്ലാതെ എ പ്ലസ് ഗ്രേഡ് നൽകുന്നതും പ്രവേശന നടപടികളെ സങ്കീർണമാക്കുന്നുവെന്ന് അധ്യാപകർ പറയുന്നു. 100 മാർക്ക് വരെ വ്യത്യാസം വരുമെന്നിരിക്കെ ഒരേ ഗ്രേഡിലൂടെ ഉപരിപഠനത്തിെൻറ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ കൂടുതൽ മികവോടെ പഠിച്ച വിദ്യാർഥികൾക്ക് അർഹമായവ നഷ്ടമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ മാറ്റം മാർക്കും ഗ്രേഡും തമ്മിൽ ഉണ്ടാവണമെന്നാണ് അഭിപ്രായം ഉയരുന്നത്.
15,750 പേർക്ക് അലോട്ട്മെൻറ്
കൊല്ലം: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷ നൽകിയവരിൽ 15750 പേർക്ക് ആദ്യഘട്ട അലോട്ട്മെൻറിൽ സീറ്റ് ലഭിച്ചു. ജില്ലയിലെ 18215 സീറ്റുകളിലേക്ക് 34644 അപേക്ഷകളാണുള്ളത്. സംവരണ വിഭാഗങ്ങൾ അടക്കം എല്ലാവരും ആദ്യഘട്ട അലോട്ട്മെൻറിൽ ഇടം നേടി. അപേക്ഷകരിൽ പകുതി പേർക്കും പ്രവേശനം കിട്ടാത്ത നിലയാണുള്ളത്. ജനറൽ, സംവരണ വിഭാഗങ്ങളിൽ അനുവദിച്ച സീറ്റുകളിലെല്ലാം ആദ്യഘട്ടത്തിൽ അലോട്ട്മെൻറ് നൽകിയിട്ടുണ്ട്. ജനറൽ വിഭാഗത്തിലെ 8821 സീറ്റിലേക്കും അലോട്ട്മെൻറ് നൽകിയിട്ടുണ്ട്.
ഇൗഴവ - 816, മുസ്ലിം - 777, ഹിന്ദു ഒ.ബി.സി - 369, വിശ്വകർമ റിലേറ്റഡ് - 205 എന്നീ വിഭാഗങ്ങളിൽ അലോട്ട്മെൻറ് പൂർണമാണ്. എൽ.എസ്.എ വിഭാഗത്തിൽ 369 ൽ 341 സീറ്റിലേക്കും ക്രിസ്ത്യൻ ഒ.ബി.സി വിഭാഗത്തിൽ 164 ൽ 145 ലും അലോട്ട്മെൻറ് അനുവദിച്ചു.
എസ്.സി വിഭാഗത്തിലെ 2736 സീറ്റുകളിൽ 2732 ലും അലോട്ട്മെൻറായി. എസ്.ടി വിഭാഗത്തിൽ 498 ൽ 270 സീറ്റിലാണ് അലോട്ട്മെൻറുള്ളത്. ഡിസേബിൾഡ് - 228, ബ്ലൈൻഡ് - 51, ധീവര - 122, കുശവ - 107, കുഡുംബി - 197, സാമ്പത്തികമായി പിന്നാക്കം - എട്ട് എന്നിങ്ങനെയാണ് ആദ്യഘട്ട അലോട്ട്മെൻറിനുശേഷം ഒഴിവുള്ള സീറ്റുകൾ. നിലവിലെ സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനം സാധ്യമാകുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
പരീക്ഷ എഴുതിയ 30777 വിദ്യാർഥികളിൽ 30547 പേരും ഉപരിപഠനത്തിന് യോഗ്യരായി. ആൺകുട്ടികളിൽ പരീക്ഷ എഴുതിയ 15791ൽ 15641 ഉം പെൺകുട്ടികളിൽ പരീക്ഷ എഴുതിയ 14986 ൽ 14906 പേരുമാണ് യോഗ്യത നേടിയത്. 9701 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.