കൊല്ലത്ത് പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം
text_fieldsകൊല്ലം: ഉന്നതപഠനത്തിന്റെ വിശാലതയിലേക്കുള്ള വഴിത്തിരിവായ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയവുമായി കൊല്ലത്തിന്റെ കൗമാരം. കഴിഞ്ഞ വർഷത്തെ വിജയശതമാനത്തിൽ നിന്ന് താഴേക്കിറങ്ങിയെങ്കിലും വിദ്യാർഥികളുടെ നേട്ടത്തിന് തിളക്കമേറെ. ഹയർസെക്കൻഡറി വിഭാഗത്തിൽ 78.10 ശതമാനം വിജയമാണ് ജില്ലയിലെ മിടുക്കർ സ്വന്തമാക്കിയത്. വി.എച്ച്.എസ്.ഇയിൽ 74.96 ശതമാനമാണ് വിജയം.
ഹയർ സെക്കൻഡറിയിൽ കഴിഞ്ഞ വർഷത്തെ 83.91 വിജയ ശതമാനത്തിൽ നിന്ന് ആണ് താഴേക്കിറങ്ങിയത്. വിജയശതമാനത്തിൽ സംസ്ഥാനത്ത് ഇത്തവണ എട്ടാം സ്ഥാനത്താണ് ജില്ല. സമാന സ്ഥിതിയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും ഇടിവുണ്ട്. കഴിഞ്ഞ തവണ മൂന്ന് ഹയർസെക്കൻഡറി സ്കൂളുകൾ 100 ശതമാനം വിജയം നേടിയ സ്ഥാനത്ത് ഇത്തവണ ഒരു സ്കൂൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
അൺഎയ്ഡഡ് വിഭാഗത്തിൽ 32 പേരെ വിജയത്തിലെത്തിച്ച് അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസ് ആണ് ജില്ലക്ക് അഭിമാനമായത്. അതേസമയം, 1200 മാർക്കും വാങ്ങി കൈയടി നേടിയ 12 വിദ്യാർഥികളുമായി ജില്ല തലയുയർത്തിനിൽക്കുകയാണ്. കഴിഞ്ഞ തവണ അഞ്ച് പേർക്കാണ് ഈ നേട്ടം കൈവരിക്കാനായത്.
ഇത്തവണ മൂന്ന് സ്ട്രീമിലും നേട്ടമുണ്ടെങ്കിലും സയൻസ് വിഷയത്തിലാണ് കൂടുതൽ പേരും മുഴുവൻ മാർക്കും നേടിയത്. ഏഴ് പേരാണ് സയൻസിൽ 1200 മാർക്കും നേടിയത്. നാല് പേർ ഹ്യുമാനിറ്റീസിലും ഒരാൾ കൊമേഴ്സിലും മുഴുവൻ മാർക്കും നേടി താരമായി.
ജില്ലയിൽ 134 സ്കൂളുകളിൽ ആയി 26791 വിദ്യാർഥികൾ ആണ് ഹയർസെക്കൻഡറി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഇവരിൽ 26573 പേർ പരീക്ഷ എഴുതിയതിൽ 20754 വിദ്യാർഥികൾ ആണ് ഉന്നതപഠന യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് എ പ്ലസ് നേട്ടം ഇത്തവണ ഉയർന്നിട്ടുണ്ട്. 3353 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. 2957 ആയിരുന്നു കഴിഞ്ഞ തവണത്തെ എ പ്ലസ് നേട്ടം.
വി.എച്ച്.എസ്.ഇ
വി.എച്ച്.എസ്.ഇയിൽ കഴിഞ്ഞ വർഷത്തെ 82.54 ശതമാനത്തിൽ നിന്ന് കാര്യമായ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് രണ്ടാമത് നിന്ന ജില്ല ഇത്തവണ വയനാടും തൃശൂരും കഴിഞ്ഞ് മൂന്നാം സ്ഥാനത്ത് ആണ്. ഇത്തവണ 3870 പേർ പരീക്ഷ എഴുതിയതിൽ 2901 പേരാണ് ഉന്നത പഠന യോഗ്യത നേടിയത്.
ഓപ്പൺ സ്കൂളിൽ 47 ശതമാനം
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 47 ശതമാനമാണ് ഇത്തവണ വിജയം. കഴിഞ്ഞ വർഷം 53.60 ശതമാനം ആയിരുന്നു ജയം. 929 പേർ ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതിൽ 902പേർ പരീക്ഷ എഴുതിയിരുന്നു. 427 പേർ ആണ് വിജയിച്ചത്. 10 പേർ എല്ലാ വിഷയങ്ങളിലും പ്ലസ് നേടി.
രമണി മന്ദിരത്തിനിത് അതിമധുരം; മികച്ച വിജയം ആവര്‍ത്തിച്ച് ഇരട്ട സഹോദരിമാര്‍
കുളത്തൂപ്പുഴ: പ്ലസ്ടു പരീക്ഷ ഫലം പുറത്തു വന്നതോടെ കുളത്തൂപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനും ചോഴിയക്കോടിനും ഇരട്ടസഹോദരിമാര്‍ അതിമധുരമാണ് സമ്മാനിച്ചത്. ചോഴിയക്കോട് രമണി മന്ദിരത്തില്‍ സുരേഷ് ബാബു (ദുബായ്) - സുധാകുമാരി ദമ്പതികളുടെ മകളായ ഗോപിക 1200 ല്‍ 1200 മാര്‍ക്കും നേടിയപ്പോള്‍ ഇരട്ട സഹോദരി ഗായത്രി മൂന്ന് മാര്‍ക്ക് വ്യത്യാസത്തില്‍ ഒപ്പം തന്നെയുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയിലും ഇരുവരും ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ ദിവസം പരീക്ഷ ഫലം പുറത്തു വന്നതോടെ അധ്യാപകരും നാട്ടുകാരുമായി നിരവധി പേരാണ് അഭിനന്ദനങ്ങളുമായി ഇവരുടെ വീട്ടിലേക്കെത്തിയത്.
സിവിൽ സർവിസ് മോഹവഴിയിൽ ബാലാമണി
കൊല്ലം: ഇക്കണോമിക്സിനെയായിരുന്നു വി. ബാലാമണിക്ക് പേടി. പക്ഷേ, ഫലം വന്നപ്പോൾ ഇക്കണോമിക്സ് ചതിച്ചില്ല എന്നറിഞ്ഞ സന്തോഷത്തിൽ നിറഞ്ഞുചിരിക്കുകയാണ് കൊല്ലം വിമലഹൃദയ എച്ച്.എസ്.എസിലെ മിടുക്കി.
ഹ്യുമാനിറ്റീസിൽ 1200ൽ 1200 മാർക്കും നേടിയുള്ള ചിരിക്ക് പത്തരമാറ്റ് തിളക്കം. സിവിൽ സർവിസ് മോഹവഴിയിലേക്കുള്ള നാഴികക്കല്ലാണ് ബാലാമണിക്ക് ഈ നേട്ടം.
സി.ബി.എസ്.ഇ പത്താം ക്ലാസിൽ 99 ശതമാനം മാർക്ക് നേടിയായിരുന്നു ജയം. പ്ലസ് വണ്ണിൽ ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങളും മുഴുവൻ മാർക്കും നേടാനായി. കേന്ദ്ര സർവകലാശാലയിൽ ഇക്കണോമിക്സ് ബിരുദം എന്ന സ്വപ്നം കൈയെത്തിപിടിക്കാൻ എൻട്രൻസ് പരീക്ഷക്കുള്ള തയാറെടുപ്പിലാണ്.
ഉമയനല്ലൂർ വടക്കുംകര വെസ്റ്റ് ചിത്രകാർത്തികയിൽ തിരുവല്ല ഫുഡ് സേഫ്റ്റി വകുപ്പ് ഓഫിസിൽ ക്ലർക്ക് വിജി പ്രദീപും സ്വകാര്യ സ്കൂൾ അധ്യാപിക ഇന്ദുകലയും മകളുടെ നേട്ടത്തിന്റെ സന്തോഷത്തിലാണ്. എട്ടാംക്ലാസുകാരൻ ആർജിത് നാരായൺ സഹോദരനാണ്.
മഹാരാഷ്ട്ര സ്വദേശിക്ക് ഫുൾ എ പ്ലസ്
പരവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മകൻ എല്ലാ വിഷയത്തിനും എ. പ്ലസ് നേടിയ സന്തോഷത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളി കുടുംബം. പരവൂർ കോട്ടപ്പുറം ഇക്കരം കുഴിമുക്ക് ദർശൻ നിവാസിൽ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഖർസുണ്ടി ഗ്രാമക്കാരായ പാണ്ഡുരാജ്-ഉഷ ദമ്പതികളുടെ മകനായ സുദർശൻ പാണ്ഡുരംഗ് കോലേക്കറിനാണ് എല്ലാ വിഷയത്തിനും എ പ്ലസ്. നെടുങ്ങോലം ഹൈസ്കൂൾ വിദ്യാർഥിയാണ്.
കോട്ടപ്പുറത്ത് ചപ്പാത്തി കമ്പനി നടത്തുകയാണ് മാതാപിതാക്കൾ. വെക്കേഷന് മഹാരാഷ്ട്രയിൽ പോയതിനാൽ വിജയാഘോഷം അവിടെയാണ്. ബയോളജി സയൻസെടുത്ത ശേഷം നീറ്റ് പരീക്ഷയെഴുതി യോഗ്യത നേടണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.