പോളച്ചിറ ഏലായിൽ വിഷപ്പായൽ
text_fieldsചാത്തന്നൂർ: പോളച്ചിറ ഏലായിൽ വിഷപ്പായൽ കണ്ടുതുടങ്ങി. നീക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കർഷകർ രംഗത്തെത്തി. വേനൽമഴക്ക് ശേഷമാണ് ഇവിടെ പായൽ കണ്ടത്. മഴയുടെ ആദ്യദിനങ്ങളിൽ വെള്ളത്തിൽ എണ്ണ കലർന്ന പോലെയും പിന്നീട് ഇത് സ്വർണനിറത്തിലും ശേഷം പച്ച കലർന്ന നിറത്തിലുമായി. വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗയാണ് ഏലായിൽ പടരുന്നത്.
ആൽഗ ബ്ലൂം, ഡികയോസ്ഫറിയം എന്നീ ഗ്രീൻ ആൽഗകളാണ് പച്ചയും സ്വർണവും കലർന്ന നിറത്തിൽ വെള്ളത്തിനു മുകളിൽ പരന്നൊഴുകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. വേനൽമഴക്ക് ശേഷം സ്വാഭാവിക ഒഴുക്ക് കൂടിയതോടെയാണ് ആൽഗകൾ പെരുകിയത്. പായൽ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ബ്ലൂ ഗ്രീൻ ആൽഗയാണെങ്കിൽ പോളയിലെ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യമുണ്ടെങ്കിൽ ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
അങ്ങനെയാണെങ്കിൽ പോളച്ചിറയുടെ പല ഭാഗത്തും ഓക്സിജന്റെ അളവിൽ കുറവുണ്ടാകും. അതുകൊണ്ട് തന്നെ പോളച്ചിറ പൂർണമായും പായൽ മുക്തമാക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നു. അനിയന്ത്രിത അളവിൽ മാലിന്യങ്ങളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളവും പുഴയിലെത്തുന്നതാണ് ഓക്സിജൻ കുറയാൻ കാരണം.
പോളച്ചിറയിൽ പ്രകടമായ രീതിയിൽ നിറവ്യത്യാസം, ദുർഗന്ധം, പത, ജലജീവികൾ ചത്തുപൊങ്ങുന്നത് എന്നിവ കാണുകയാണെങ്കിൽ വെള്ളത്തിൽ ഇറങ്ങുന്നതും നീരൊഴുക്ക് വന്ന് പൂർവസ്ഥിതിയിലാകുന്നതുവരെ ഉപയോഗം ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു. കക്കൂസ് മാലിന്യവും കെമിക്കൽ മാലിന്യവും തള്ളാനുള്ള ഇടമായി പോളച്ചിറ മാറിയിരിക്കുകയാണ്. ദിനംപ്രതി വൻതോതിലാണ് പോളച്ചിറയിലേക്ക് മാലിന്യം തള്ളുന്നത്.
പോളച്ചിറയെ മാലിന്യത്തിൽനിന്ന് സംരക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ബ്ലൂ ഗ്രീൻ അൽഗ പെരുകാനും മനുഷ്യർക്കും ജലജീവികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി വരാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.