പൊലീസ് നടപടി കാര്യക്ഷമമല്ല; മോഷ്ടാക്കളുടെ താവളമായി മയ്യനാട്
text_fieldsമയ്യനാട്: മയ്യനാട്ടും പരിസരത്തും മോഷ്ടാക്കളും സാമൂഹികവിരുദ്ധ സംഘങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടും ഇരവിപുരം പൊലീസ് അറിഞ്ഞമട്ടില്ല.
ബുധനാഴ്ച അർധരാത്രിയിൽ മയ്യനാട് വെള്ളമണൽ സ്കൂളിനടുത്ത് പാർക്ക് ചെയ്തിരുന്ന നാല് സ്കൂൾ ബസുകളുടെയും ഒരു സ്വകാര്യ ബസിന്റെയും ബാറ്ററി മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. മയ്യനാട് വെള്ളമണൽ സ്കൂളിൽ ജില്ല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന കാമറ തകർക്കുകയും ഓട നിർമാണത്തിന്റെ ഭാഗമായി മതിലുകൾ തകർന്നുവീഴാതിരിക്കുന്നതിന് സ്ഥാപിച്ചിരുന്ന ജാക്കികൾ മോഷ്ടിക്കുകയും ചെയ്തു.
കുറേനാളായി മയ്യനാട്ട് ബാറ്ററി മോഷണം പതിവാണ്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസുകളുടെ ബാറ്ററികളാണ് കവരുന്നത്.
ശ്രീ നാരായണ പബ്ലിക് സ്കൂളിന്റെ ബസുകളുടെ ബാറ്ററികളാണ് ബുധനാഴ്ച അപഹരിക്കപ്പെട്ടത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് പരിസരത്തെ നിരീക്ഷണകാമറദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. മയ്യനാട് കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ഇല്ലാത്തതിനാലാണ് ഇവിടെ മോഷ്ടാക്കൾ വിളയാടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മയ്യനാട് കേന്ദ്രമാക്കി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.