നഗരത്തിൽ ജനത്തിന്‍റെ 'പോക്കറ്റടിക്കാൻ' പൊലീസും അധികൃതരും
text_fieldsകൊല്ലം: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവർക്ക് പൊലീസിന്‍റെ പിഴ അല്ലെങ്കിൽ കോർപറേഷന്‍റെ പാർക്കിങ് ഫീസ്. തിരക്കുകുറഞ്ഞ ചിന്നക്കട ക്ലോക്ക് ടവറിനടുത്തെ കടകളിൽ എത്തുന്നവരും കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സിലെത്തുന്നവർക്കുമാണ് ഇരുട്ടടി. ക്ലോക്ക് ടവറിനുമുന്നിലെ കടകളിലെത്തുന്നവർക്ക് റോഡരികിൽ ഇരുചക്രവാഹനം വെക്കാനുള്ള സ്ഥലം ഉണ്ടെങ്കിലും പൊലീസ് അടുത്തിടെ നോ പാർക്കിങ് ബോർഡ് വെച്ചു.
തിരക്കില്ലാത്ത റോഡിൽ വർഷങ്ങളായി വാഹനം പാർക്ക് ചെയ്യാൻ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് 20 രൂപയാണ് പാർക്കിങ് ഫീസായി കരാറുകാർ പിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളും സംസ്ഥാന വനിത വികസന കോർപറേഷന്‍റെ ജില്ല ഓഫിസും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്നാണ് പാർക്കിങ് ഫീസ് പിരിക്കുന്നത്. ക്ലോക്ക് ടവറിന് സമീപത്ത് തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് പാർക്കിങ് ഫീസ് പിരിക്കാൻ കരാർ നൽകിയിട്ടുള്ളത്. എന്നാൽ, ഞായറാഴ്ചകളിൽ ഇവിടെ അന്തർസംസ്ഥാന തൊഴിലാളികൾ ഷീറ്റ് കെട്ടി കച്ചവടം നടത്താൻ സ്ഥലം നൽകി കരാറുകാർ പണം കൊയ്യുകയാണ്.
നഗരത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന കോർപറേഷൻ അധികൃതർ ഇത് കണ്ടിട്ടും കാണാത്തതുപോലെ നടിക്കുകയാണ്. മേൽപാലത്തിൽനിന്ന് ക്ലോക്ക് ടവർ ഭാഗത്തേക്ക് ഇറങ്ങുന്നതിനായി സ്ഥാപിച്ചിട്ടുള്ള പടികളിലാണ് ഇവർ ടാർപ്പാളിൻ വലിച്ചുകെട്ടിയിട്ടുള്ളത്. ഇത് കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എൻ. തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ മുമ്പ് പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ നീക്കം നടത്തിയപ്പോൾ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനാൽ അന്ന് നീക്കം ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ വാടക പാർക്കിങ് ഏരിയ എന്നെഴുതിയ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്.
കരാറുകാർ നൽകുന്ന രസീതിൽ കൊല്ലം കോർപറേഷൻ എന്നെഴുതിയിട്ടുണ്ടെങ്കിലും കോർപറേഷന്‍റെ സീലോ മറ്റൊന്നും തന്നെയില്ല. നഗരത്തെ രണ്ടായി തിരിച്ച മേൽപാലത്തിന്‍റെ വരവോടെ കച്ചവടം കുത്തനെ കുറഞ്ഞ വ്യാപാരികൾക്ക് പൊലീസും കോർപറേഷനും നടത്തുന്ന പിരിവ് ഇരട്ടപ്രഹരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.