ജില്ലയിൽ പൊലീസ്, എക്സൈസ് റെയ്ഡ്; 60 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsഷിബു, സജിൻ മുഹമ്മദ്
കൊല്ലം: ജില്ലയിൽ ഒരാഴ്ചക്കിടെ വിവിധ സ്ഥലങ്ങളിലായി പൊലീസും എക്സൈസും പിടികൂടിയത് 60 ലക്ഷത്തിലധികം രൂപയുടെ ലഹരിയുൽപന്നങ്ങൾ. ശനിയാഴ്ച നഗരത്തിൽ വാഹന പരിശോധനക്കിടെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി പൊലീസിനെ വെട്ടിച്ച് കടന്ന രണ്ടുപ്രതികളെ ചടയമംഗലത്തുനിന്ന് പിടികൂടി. നിലമേൽ കറുന്തലക്കോട് ഷാജഹാൻ മൻസിലിൽ ഷിബു (44), തിരുവന്തപുരം പഴയകുന്നുമ്മേൽ കന്നിക്കുഴി സവാദ് മൻസിലിൽ സജിൻ മുഹമ്മദ് (21) എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. ലഹരിവസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിങ്ങും പരിശോധനയും ശക്തമാക്കിയിരുന്നു. നിരോധിത പുകയില ഉൽപന്നങ്ങളുമായി വന്ന പിക്അപ് വാൻ പരിശോധനക്കിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് അമിതവേഗത്തിൽ പാഞ്ഞ് ആനന്ദവല്ലീശ്വരം ഭാഗത്ത് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ പൊലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ഉച്ചയോടെ പ്രതികളെ ചടയമംഗലത്തുനിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
109 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന് ജില്ലയിലേക്ക് വിൽപനക്കായി എത്തിച്ചതാണിവയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കൽ സൂപ്പർ മാർക്കറ്റിൽനിന്ന് 700 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തത്.
ആനപ്പാറയിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിൽനിന്നാണ് വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലഹരിവസ്തുക്കൾ വ്യാപകമായി വിൽക്കുന്നെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തുകയായിരുന്നു. സ്ഥാപനത്തിനുള്ളിലെ ഷെഡിലാണ് ലഹരി ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ വിൽപനക്കായി എത്തിച്ചതാണിത്.
കഴിഞ്ഞ ഒരുമാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽനിന്ന് ഒരുടണ്ണിലധികം നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.