കോവിഡ് ആയാലും പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി
text_fieldsകൊല്ലം: കോവിഡ് ബാധിതർക്ക് 'പോസിറ്റിവ്' സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രം ക്വാറൻറീനെന്ന വിചിത്ര നടപടിയുമായി കൊല്ലം റൂറൽ പൊലീസ്. പോസിറ്റിവാണെന്ന സർട്ടിഫിക്കറ്റുമായി കോവിഡ് ബാധിതൻതന്നെ നേരിട്ട് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒയിൽനിന്ന് അംഗീകാരം വാങ്ങി സമർപ്പിച്ചാലേ ക്വാറൻറീൻ അനുവദിക്കൂവെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയാണ് നിർദേശം നൽകിയത്. സാമാന്യയുക്തിക്ക് നിരക്കാത്ത നടപടികൾമൂലം സേനയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്.
ഗുരുതര പ്രതിസന്ധിയിലേക്ക് പോകുന്ന വിഷയം അസോസിയഷനെ ഉൾെപ്പടെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിൽ റൂറൽ പരിധിയിലെ ഉദ്യോഗസ്ഥർ ആശങ്കയിലാണ്. കോവിഡ് പരിശോധനക്ക് വിധേയരാകുന്നവർ ആ സമയം മുതൽ നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. പോസിറ്റിവായാൽ നിരീക്ഷണം തുടരുന്നതോടൊപ്പം സമ്പർക്കത്തിൽ വന്നവരുടെ പരിശോധന നടത്തും. പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുന്നവരെ ഉൾെപ്പടെ കണ്ടെത്തുന്ന ചുമതല പൊലീസിനാണ്. എന്നാൽ, ഉദ്യോഗസ്ഥർ പോസിറ്റിവായാൽ പ്രാഥമിക സമ്പർക്കം കണ്ടെത്തുന്നതിനോ നിരീക്ഷണത്തിൽ വിടുന്നതിനോ തീരുമാനമില്ലാത്തതിൽ കടുത്ത അമർഷമാണ് ഉയരുന്നത്.
ഭാര്യക്ക് കോവിഡ് ബാധിച്ചതിനെതുടർന്ന് നിരീക്ഷണത്തിൽ പോകട്ടെയെന്ന് ചോദിച്ച സി ബ്രാഞ്ചിലെ എസ്.ഐയോട് ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശം നൽകി. മൂന്നാം ദിവസം എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ മൂന്നുപേർ കൂടി പോസിറ്റിവായി. ബാക്കി പരിശോധന നടക്കുകയാണ്.
കോവിഡ് പോസിറ്റിവാണെന്ന് ആരോഗ്യവകുപ്പിെൻറ അറിയിപ്പ് ലഭിച്ചാലും സർട്ടിഫിക്കറ്റ് ഹാജരാക്കി അംഗീകാരം നേടണമെന്ന വ്യവസ്ഥക്കെതിരെ ഭരണാനുകൂല സംഘടനയിലുള്ള ഉദ്യോഗസ്ഥർവരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോഴും അസോസിയേഷൻ നേതൃപദവിയിലുള്ള മേലുദ്യോഗസ്ഥൻ തങ്ങളെ മനുഷ്യരായിപോലും കാണാത്തതിെൻറ അമർഷത്തിലാണ്പൊലീസുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.