കൊല്ലം സിറ്റി പരിധിയിൽ രാത്രിയിൽ കടുത്ത കാവലുമായി പൊലീസ്
text_fieldsകൊല്ലം: മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സിറ്റി പരിധിയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കി. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ സാമൂഹികവിരുദ്ധശല്യം വർധിച്ച പശ്ചാത്തലത്തിലാണ് രാത്രികാല പൊലീസ് വിന്യാസം ശക്തിപ്പെടുത്തുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. ലോക്ഡൗൺ ഇളവുകളെതുടർന്ന് സാമൂഹികവിരുദ്ധ ശല്യവും മോഷണവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രാത്രികാലത്തുള്ള പൊലീസ് വിന്യാസം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. നഗരത്തിലെ മെയിൻ റോഡിലുള്ള മൊബൈൽ ഫോൺ കടയിൽ ഇന്നലെ പുലർച്ച മോഷണം നടത്തിയ മൂന്നുപേരെയും സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ഇനിമുതൽ രാത്രികാലങ്ങളിൽ ഒരു അസി.കമീഷണറുടെയും മൂന്ന് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ 30 പട്രോളിങ് സംഘങ്ങൾ സിറ്റി പൊലീസ് പരിധിയിൽ രാത്രികാല പട്രോളിങ്ങിൽ ഏർപ്പെടും. ഒരു പട്രോളിങ് സംഘത്തിൽ നാലുപേരുണ്ടായിരിക്കും. കൂടാതെ 16 ബൈക്ക് പട്രോളിങ് സംഘങ്ങളും നിരത്തിലുണ്ടാകും. സിറ്റി പൊലീസ് കമീഷണറുടെ ദ്രുതകർമസേനയുടെ സേവനവും ഇവർക്ക് രാത്രികാലങ്ങളിൽ ലഭ്യമാക്കും.
ലോക്ഡൗൺ ലംഘനങ്ങൾ കണ്ടെത്താൻ അധികമായി സ്ഥാപിച്ച നിരീക്ഷണ കാമറയിലൂടെയാണ് മോഷണ സംഘത്തെ സംബന്ധിച്ച് സൂചനകൾ ലഭിച്ചത്. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകൾ നിരീക്ഷിക്കുന്നതിന് പൊലീസ് കൺേട്രാൾ റൂമിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി ദേശീയ സംസ്ഥാന പാതകളിലും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമറകൾ നിരീക്ഷണത്തിനായി സ്ഥാപിച്ചു. ക്രമസമാധാന-ഗതാഗത ലംഘനങ്ങളെയും ലഹരി ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ 1090, 112, 0474-27442265, 0474-2764422 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.