ജനങ്ങളുമായി ഇടപഴകുമ്പോൾ പൊലീസ് മാന്യമായി പെരുമാറണം –ഡി.ജി.പി
text_fieldsകൊല്ലം: പൊലീസ് ഉദ്യോഗസ്ഥർ ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായി പെരുമാറണമെന്നും കർശനമാകേണ്ട സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. പൊതുജനങ്ങളുമായി സഹകരണ മനോഭാവത്തോടുകൂടിയും അവരുടെ സഹായത്തോടുകൂടിയും പ്രവർത്തിച്ച് കോവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെടണമെന്നും കൊല്ലത്ത് പരാതി പരിഹാര അദാലത്തിന് എത്തിയ ഡി.ജി.പി പൊലീസുകാർക്ക് നിർദേശം നൽകി.
സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഡി.ജി.പി അനിൽകാന്ത് പരാതികൾ കേട്ടത്. പൊലീസ് തലപ്പത്ത് എത്തിയതിന് ശേഷം അദ്ദേഹത്തിെൻറ ജില്ലയിലെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു.
സിറ്റി പരിധിയിൽ നിന്നും ലഭിച്ച 46 പരാതികൾ പരിഗണിച്ചതിൽ നേരിട്ടെത്തിയ 15 പരാതിക്കാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടിയന്തര പ്രാധാന്യമുള്ള പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഐ.എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകി. മൂന്ന് പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തു.
ഗാർഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ കൗൺസലിങ് ആവശ്യമായവർക്ക് സൗകര്യമൊരുക്കാൻ നടപടി സ്വീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെയും പരാതികളും പരിഗണിച്ചു.
ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ക്രമസമാധാന പ്രശ്നങ്ങളും അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ പുരോഗതിയും ഡി.ജി.പി വിലയിരുത്തി. ജില്ല പൊലീസ് ഓഫിസ് സമുച്ചയത്തിലെ വിവിധ കാര്യാലയങ്ങൾ സന്ദർശിച്ച അദ്ദേഹം പൊതുജനങ്ങൾക്കുള്ള സേവനം കാര്യക്ഷമമായി നിറവേറ്റണമെന്നും ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ ജനക്ഷേമകരമായ തരത്തിൽ മെച്ചപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ദക്ഷിണ മേഖല ഐ.ജി ഹർഷിതാ അട്ടല്ലൂരി, റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ്കുമാർ, സിറ്റി പൊലീസ് മേധാവി ടി. നാരായണൻ, അഡീ. ഡെപ്യൂട്ടി കമീഷണർ ജോസി ചെറിയാൻ, അസി. കമീഷണർമാരായ സോണി ഉമ്മൻ കോശി, എം.എസ്. സന്തോഷ്, എസ്. നാസറുദ്ദീൻ, എ. പ്രദീപ്കുമാർ, ജില്ലയിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.