മാലിന്യമുക്ത നവകേരളം അവലോകനയോഗം മാലിന്യമുക്ത പ്രവൃത്തികളിൽ പുരോഗതി
text_fieldsകൊല്ലം: മാലിന്യമുക്ത നവകേരളം കൊല്ലം, ഇരവിപുരം, ചവറ നിയോജകമണ്ഡലങ്ങളുടെ ഒന്നാംഘട്ട അവലോകനയോഗം എം. നൗഷാദ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടത്തി. മണ്ഡലങ്ങള്‍ മാലിന്യമുക്ത പ്രവര്‍ത്തന പുരോഗതി കൈവരിച്ചെന്നും മാലിന്യമുക്ത പദ്ധതികളില്‍ സാങ്കേതികമായ തടസങ്ങള്‍ വരാതെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോര്പറേഷന്, പനയം, തൃക്കരുവ, മയ്യനാട് പഞ്ചായത്തുകളിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം, യൂസര്‍ ഫീ ലഭ്യത, മാലിന്യ കൂന നീക്കം ചെയ്യല്‍ എന്നിവ യോഗം വിലയിരുത്തി. യൂസര്‍ ഫീ ലഭ്യത 40.17 ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. കോര്പറേഷന് പരിധിയില്‍ ഹരിതകര്‍മസേനയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം, വലിച്ചെറിയല്‍ മുക്തം എന്നിവയില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു. ജലാശയങ്ങളില്‍ മാലിന്യം ഒഴുക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ ജൈവ സംസ്കരണം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു.
അഷ്ടമുടി കായല്‍ ശുചീകരണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായി കോര്പറേഷന് അധികൃതര്‍ അറിയിച്ചു. കടവുകളില്‍ നിന്ന് മാലിന്യം നീക്കിയിട്ടുണ്ട്. കായലിലേക്ക് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നവരെ കണ്ടെത്തി നോട്ടീസ് നല്കി. തീരദേശ മേഖല വലിച്ചെറിയല്‍ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കും. സാനിറ്ററി ഇന്‍സിനെറ്റര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ആശ്രാമം മൈതാനിയില്‍ ടീം കേരള പ്രവര്‍ത്തകരെ ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തി വരുന്നു.
ഹരിതസഭയ്ക്കും ജനകീയ ഓഡിറ്റിങ്ങിനും ശേഷം രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. മൂന്നാം ഘട്ടത്തില്‍ നിര്‍മാണ അവശിഷ്ടങ്ങളുടെ പുനരുപയോഗം, എല്ലാ തദ്ദേശ സ്ഥാപങ്ങളിലും ഹരിതമിത്രം ആപ്പ് എന്നിവയും ഉറപ്പാക്കും. കോര്പ്പറേഷന് സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, പഞ്ചായത്ത് പ്രസിഡന്റുമാരായ സരസ്വതി രാമചന്ദ്രന്, ജെ. ഷാഹിദ, കെ. രാജശേഖരന്, എം. മുകേഷ് എം.എല്‍.എയുടെ പ്രതിനിധി എം.എസ്. ഷഫീക്, എ.ഡി.എം ആര്. ബീനാറാണി, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ സയൂജ, ജോയിന്റ് ഡയറക്ടര്‍ ഡി. സജു, അസിസ്റ്റന്റ് ഡയറക്ടര്‍ സൗമ്യ ഗോപാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.