പട്രോളിങ്ങിനിടെ പൊലീസുകാരെ ഹർത്താൽ അനുകൂലി ബൈക്ക് കൊണ്ട് ഇടിച്ചിട്ടു
text_fieldsഇരവിപുരം (കൊല്ലം): ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരെ ബുള്ളറ്റിലെത്തിയ ഹർത്താൽ അനുകൂലി ഇടിച്ചു തെറിപ്പിച്ചു. ബൈക്കിൽ നിന്നു വീണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരനായ സി.പി. ആന്റണി, കൊല്ലം എ.ആർ.ക്യാമ്പിൽ നിന്നും ഡ്യൂട്ടിക്കെത്തിയ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ സി.പി.ഒ ആൻറണിയുടെ മുഖത്താണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ദേശീയ പാതയിൽ കൊല്ലുർ വിളപള്ളിമുക്കിലായിരുന്നു സംഭവം.
ബുള്ളറ്റിൽ വന്ന് റോഡിലൂടെ പോകുന്നവരെ അസഭ്യവർഷം നടത്തി പോകുകയായിരുന്ന ഹർത്താൽ അനുകൂലിയെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാർ സഞ്ചരിച്ച ബൈക്കിൽ ബുള്ളറ്റുകൊണ്ടിടിച്ചത്. അക്രമിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പരിക്കേറ്റ പൊലീസുകാരെ ആദ്യം ജില്ല ആശുപത്രിയിലും പിന്നിട് പാലത്തറയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.
രാവിലെ ഏഴു മണിയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്ത് തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സിന്റെ ഗ്ലാസ്സും, കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷനിൽ കുളത്തൂപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസ്സിന്റെ ഗ്ലാസ്സും എറിഞ്ഞുതകർത്തു.
കൊല്ലൂർവിള പള്ളിമുക്കിൽ പൊലീസ് സഹായം തേടിയ സ്ത്രീയെ പൊലീസ് കെ.എസ്.ആർ.ടി.സി.ബസ്റ്റിൽ കയറ്റി വിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ് പൊലീസ് പള്ളിമുക്കിൽ തടഞ്ഞിട്ട ശേഷം മറ്റ് വാഹനങ്ങൾക്കൊപ്പം കോൺവോയ് ആയി കടത്തിവിടുകയായിരുന്നു. മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.