തപാൽ പണിമുടക്ക് പൂർണം: ജീവനക്കാർ പ്രകടനം നടത്തി
text_fieldsകൊല്ലം: തപാൽ വകുപ്പിന്‍റെ സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംയുക്ത സമരസമിതി ദേശവ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം.
നാല് ഹെഡ് പോസ്റ്റ് ഓഫിസുകളുൾപ്പെടെ നാനൂറോളം ഓഫിസുകളും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കൊല്ലം ആർ.എം.എസ് യൂനിറ്റുകളും അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളും അടഞ്ഞുകിടന്നു. തപാലുരുപ്പടികളുടെ വിതരണവും സേവിങ്സ് ബാങ്ക്-ഇൻഷുറൻസ് സേവനങ്ങളും തടസ്സപ്പെട്ടു. സ്വകാര്യവത്കരണത്തെയും പലതായി വിഭജിച്ച് വകുപ്പിനെ വിൽക്കാനുള്ള നീക്കത്തെയും പ്രതിരോധിക്കാനുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് രാജ്യവ്യാപകമായി തപാൽ മേഖലയിലെ ജീവനക്കാർ പണിമുടക്ക് നടത്തിയത്.
ഡാക് മിത്ര എന്ന പേരിൽ അനുവദിക്കപ്പെട്ട സ്വകാര്യ ഫ്രാഞ്ചൈസികളും, ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് എന്ന സ്വയം നിയന്ത്രിത സംവിധാനവും ചേർന്ന് തപാൽ വകുപ്പിന്‍റെ സേവനങ്ങളും സാധാരണ ജനങ്ങളുടെ നിക്ഷേപങ്ങളും കൈയടക്കാൻ അനുവദിക്കുന്ന നീക്കം ഒന്നരനൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തപാൽ വകുപ്പിനെ പൂർണമായും തകർക്കും. ഈ നീക്കങ്ങൾക്കെതിരെയാണ് പ്രതിഷേധമുയരുന്നത്. കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ച് ജീവനക്കാർ നടത്തിയ പ്രകടനത്തിൽ ഓരോ കേന്ദ്രത്തിലും നൂറോളം ജീവനക്കാർ പങ്കെടുത്തു. നഗരത്തിൽ നടത്തിയ ബൈക്ക് റാലി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നാരംഭിച്ച് ആർ.എം.എസ് ഓഫിസിൽ അവസാനിച്ചു. എൻ.ജി.ഒ യൂനിയൻ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ തുടങ്ങി വിവിധ സർവിസ് സംഘടനകളും ഇതര സംഘടനകളും അഭിവാദ്യം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി. മാത്യൂസ് മാത്യു, കെ. ഗോപാലകൃഷ്ണൻ നായർ, ജെ. നൈസാം, എഫ്.എൻ.പി.ഒ നേതാക്കളായ കെ. മോഹനൻ, ജി.ആർ. മണി, ചന്ദ്രകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.