‘ഞങ്ങൾ കടപ്പുറക്കാർ എന്ത് ചെയ്യണം’; മൂന്ന് മണിക്കൂറിനുള്ളിൽ കറന്റ് പോയത് 30 വട്ടം’,
text_fieldsആലപ്പാട്: കരുനാഗപ്പള്ളിയിലെ കടലോര പ്രദേശമായ ആലപ്പാട് പഞ്ചായത്തിന്‍റെ ദുരവസ്ഥ പങ്കുവെച്ച് ആലപ്പാട് സ്വദേശിയും ഐ.എൻ.ടി.യുസി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്‍റുമായ കാർത്തിക് ശശി. ഒക്ടോബർ 12 ശനിയാഴ്ച മൂന്ന് മണിക്കൂറിന് ഇടയിൽ 30 തവണയാണ് കറന്റ് പോയി വന്നതെന്ന് അദ്ദേഹം പറയുന്നു. കറന്റ് പോകുന്നതിന് സ്വീകരിച്ച പരിഹാര മാർഗങ്ങളൊന്നും തന്നെ ഫലപ്രദമായില്ലെന്നും കാർത്തിക് സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
‘സൂനാമിയിൽ ആൾക്കാർ കൊല്ലപ്പെട്ടപ്പോൾ ഇനി കറന്റ് കൊണ്ട് പ്രശ്നം ഉണ്ടാകാതിരിക്കാൻ അണ്ടർ ഗ്രൗണ്ട് കേബിളിങ് എന്ന നാടകത്തിന് കോടികൾ ആണ് ചെലവഴിച്ചത്. അവസാനം ആ പൈസ പാതാളത്തിൽ പോയി എന്നല്ലാതെ ആ കേബിൾ പോലും കാണാൻ ഇല്ലാതെ ആയി. 110 കെ.വി സബ് സ്റ്റേഷൻ വന്നാൽ പ്രശ്നം തീരുമെന്നായി. മൂന്ന് മാസം മുൻപ് അതായി. അപ്പോഴും ഒരു പ്രശ്നവും തീർന്നില്ല. വിശാല മനസ്കരായ ഉദ്യോഗസ്ഥർ ഇപ്പോൾ അത് വഴി എത്തുന്ന കറന്റ് തെക്കുംഭാഗത്തേക്ക് എത്തിക്കുന്നു എന്നാണ് അറിഞ്ഞത്’ കാർത്തിക് പറയുന്നു.
ആറ് വർഷമായി തിരുവനന്തപുരം മണ്ണന്തലയിൽ താമസിക്കുന്നുണ്ടെന്നും അതിനിടയിൽ മുന്നറിയിപ്പ് ഇല്ലാതെ കറന്റ് പോയ സമയം കൂട്ടിയെടുത്താൽ രണ്ട് മണിക്കൂർ വരില്ലെന്നും കാർത്തിക് പറഞ്ഞു. സമൂഹത്തിലെ ഉന്നതന്മാർ ജീവിക്കുന്ന മേഖലയിൽ പവർ സപ്ലൈ മുടങ്ങാത്ത എന്ത് സംവിധാനം ആകുമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ളവരുമായി പ്രശ്ന പരിഹാരത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യു. ഉല്ലാസ് അറിയിച്ചു. കരുനാഗപ്പള്ളി സെക്ഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ പ്രശ്നമുണ്ടാകുന്നത്. സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ടും ആലപ്പാട് മേഖലയിൽ കറന്റ് പോകുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.