പ്രേമചന്ദ്രനും മുകേഷിനും സ്വന്തം വോട്ട്, കൃഷ്ണകുമാർ തിരുവനന്തപുരത്ത്
text_fieldsകൊല്ലം: തങ്ങൾക്ക് തന്നെ വോട്ടിടാൻ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ വെള്ളിയാഴ്ച രാവിലെയോടെ ബൂത്തുകളിലെത്തുമ്പോൾ എൻ.ഡി.എ സ്ഥാനാർഥി വോട്ട് ചെയ്യുക തിരുവനന്തപുരത്ത്.
യു.ഡി.എഫിന്റെ എൻ.കെ. പ്രേമചന്ദ്രന് ഇരവിപുരം നിയോജകമണ്ഡല പരിധിയിലാണ് വോട്ട്. രാവിലെ ഏഴിന് കുടുംബത്തോടൊപ്പം കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ് സ്കൂളിലെ 42ാം നമ്പർ ബൂത്തിൽ എത്തി വോട്ടിടും. രണ്ടു തവണ കൊല്ലം എം.എൽ.എ ആയ എം. മുകേഷിന് ഇത്തവണ ആദ്യമായാണ് തന്റെ പേരിന് നേരെ വോട്ടിടാനുള്ള അവസരം ലഭിക്കുന്നത്. ഇരവിപുരം നിയോജകമണ്ഡലപരിധിയിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്കും കുടുംബാംഗങ്ങൾക്കും വോട്ട്.
ഇത്തവണ ലോക്സഭ പോരാട്ടത്തിൽ പട്ടത്താനം എസ്.എൻ.ഡി.പി സ്കൂളിൽ രാവിലെ 8.30ന് മുകേഷ് വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാർ തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്കൂളിലെ ബൂത്തിൽ രാവിലെ ഏഴിന് വോട്ട് ചെയ്യും. തുടർന്ന് 10ഓടെ കൊല്ലത്ത് എത്തും. മാവേലിക്കര യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര ഗവ. ടൗൺ യു.പി സ്കൂളിലെ 83ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്യുന്നത്.
മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിലെ 88ാം നമ്പർ ബൂത്തിൽ രാവിലെ ഒമ്പതിന് വോട്ട് ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി രാവിലെ 9.30ന് നീരാവിൽ എച്ച്.എസ്.എസിൽ വോട്ടിടും.
മന്ത്രി കെ.ബി. ഗണേഷ് കുമാർ പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ രാവിലെ ഒമ്പതിന് വോട്ട് ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് കുന്നത്തൂര് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ രാവിലെ 11ന് വോട്ട് ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസിൽ ബൂത്ത് 96ൽ വോട്ട് ചെയ്യും.
സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ ഏരൂർ ജി.എച്ച്.എസ്.എസ് 130ാംനമ്പർ ബൂത്തിൽ വോട്ടിടും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രാവിലെ 10.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വോട്ടിടും. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ചാത്തന്നൂർ മീനാട് ബൂത്ത് 58ൽ വേട്ട് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.