ജലവിതരണത്തിനുള്ള മുന്നൊരുക്കം എങ്ങുമെത്തിയില്ല; പുനലൂർ നഗരസഭ ശുദ്ധജലക്ഷാമത്തിലേക്ക്
text_fieldsപുനലൂർ: സംസ്ഥാനത്ത് കൂടുതൽ ചൂടും കുടിവെള്ളക്ഷാമവും നേരിടുന്ന പുനലൂർ നഗരസഭ പ്രദേശങ്ങൾ കടുത്ത ശുദ്ധജല ക്ഷാമത്തിലേക്ക്. മഴക്കാലത്തും ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പുനലൂരിൽ ഈ വേനൽക്കാലത്ത് കാര്യങ്ങൾ കൈവിടുന്ന സൂചനയാണ്. മുൻ വർഷങ്ങളിലെ അനുഭവം മുന്നിൽവെച്ച് നഗരസഭ അധികൃതർ ഇത്തവണ വേനൽക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് നടപടി തുടങ്ങിയെങ്കിലും സമയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് കാര്യങ്ങൾ എങ്ങും എത്താത്ത സാഹചര്യമാണ്.
തനത് ഫണ്ട് ഉപയോഗിച്ച് ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ സർക്കാർ ഉത്തരവ് കഴിഞ്ഞയാഴ്ച ഉണ്ടായെങ്കിലും നടപടി പൂർത്തിയാക്കി കുടിവെള്ളം വിതരണം ചെയ്യണമെങ്കിൽ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടി വരും. 35 വാർഡുള്ള നഗരസഭയിൽ മിക്ക വാർഡുകളും വലിയ കുന്നുകളും ചരിവുകളും നിറഞ്ഞതാണ്. ഇതുകാരണം മഴക്കാലത്തുപോലും പലയിടത്തും നഗരസഭ സ്വന്തം ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ട്.
വേനൽക്കാലത്ത് ഒരു ടാങ്കറിൽ മാത്രം വെള്ളം എത്തിക്കൽ തികയുകയില്ല. വാട്ടർ അതോറിറ്റിയുടെ അരനൂറ്റാണ്ടോളം പഴക്കമുള്ള ഹൈസ്കൂൾ ജങ്ഷനിലെ കുടിവെള്ള വിതരണ പദ്ധതിയാണ് നഗരസഭയിലെ പ്രധാന കുടിവെള്ള വിതരണ സ്രോതസ്സ്. തൊളിക്കോട് ഭാഗത്തുള്ള കുറെ വാർഡുകളിൽ കരവാളൂർ പനകുറ്റി മല കേന്ദ്രീകരിച്ചുള്ള മീനാട് കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം എത്തിക്കുന്നുണ്ട്. കുരിയോട്ടുമല പദ്ധതിയിൽ നിന്നും നെല്ലിപ്പള്ളി മേഖലയിലുള്ള ചില വാർഡുകളിലേക്ക് മുമ്പ് വെള്ളം നൽകിയിരുന്നത് വാട്ടർ അതോറിറ്റി അകാരണമായി നിർത്തലാക്കി. ഈ പദ്ധതിയിൽ വെള്ളം ലഭിക്കുന്നതിന് വേണ്ടി നഗരസഭ അറുപത് ലക്ഷത്തോളം രൂപ പത്ത് വർഷം മുമ്പ് ചെലവിട്ടത് പാഴായി.
നിലവിലുള്ള പദ്ധതികളിലൂടെ ദിവസവും അറര ദശലക്ഷം ലിറ്റർ ശുദ്ധജലം ദിവസവും വിതരണം ചെയ്യുന്നുണ്ടെങ്കിലും കടുത്ത വരൾച്ചയിൽ ഇത് എട്ടര ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. ഇത്രത്തോളം വെള്ളം പൈപ്പു ലൈനുകളിലൂടെയും ടാങ്കറിലും എത്തിക്കാൻ കഴിയില്ലെങ്കിലും പരമാവധി വെള്ളം എത്തിക്കാനുള്ള നീക്കത്തിലാണ് നഗരസഭ. പുനലൂരിന്റെ ഭൂപ്രകൃതിയിൽ ജലക്ഷാമം നേരത്തെ അനുഭവപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ ചൂണ്ടിക്കാട്ടി ഇവിടങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കാൻ നടപടിക്ക് അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ കലക്ടർക്ക് നഗരസഭ അധികൃതർ കത്ത് നൽകിയിരുന്നു.
ഇതിന് അനുകൂലമായ മറുപടി ലഭിക്കാതെ വന്നതോടെ പിന്നീട് പുനലൂരിൽ നടന്ന താലൂക്ക് ആദാലത്തിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടിക്കായി നഗരസഭ അധികൃതർ കലക്ടറുടെ ശ്രദ്ധിയിൽപ്പെടുത്തി. വീണ്ടും അനുകൂലമായ മറുപടി ലഭിക്കാതെ വന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ ചൂണ്ടിക്കാട്ടാനാണ് മറുപടി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 വാർഡുകൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടും പ്രയോജമുണ്ടായില്ല. അവസാനം അനുമതിക്കായി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടാങ്കറിൽ വെള്ളം എത്തിക്കാൻ നഗരസഭ ടെണ്ടർ ക്ഷണിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ലഭിച്ചത്.
ഒരെണ്ണം മാത്രമുള്ളതിനാൽ കൗൺസിൽ അനുമതി വേണ്ടതുണ്ട്. ഇതുകൂടി പരിഗണിച്ച് ഈ ആഴ്ച അടിയന്തിര കൗൺസിൽ കൂടിയിട്ട് വേണം വെള്ളം എത്തിക്കാനുള്ള അനുമതി നൽകാൻ. അതേ സമയം കഴിഞ്ഞ വർഷം ഇതുപോലെ ടാങ്കറിൽ വെള്ളം എത്തിച്ചതിലെ ക്രമമേക്കട് സംബന്ധിച്ച് കേസായതോടെ എല്ലാം സൂക്ഷിച്ചേ നഗരസഭ അധികൃതരും കൈകാര്യം ചെയ്യുന്നുള്ളു.
പഞ്ചായത്തുകൾക്ക് 12 ലക്ഷവും നഗരസഭക്ക് 17 ലക്ഷവും ചെലവിടാം
വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ തനതുഫണ്ട് ഉപയോഗിച്ച് വാഹനങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ചെലവിടാവുന്ന തുക സംബന്ധിച്ച് സർക്കാർ ഉത്തരവ്. ഈ മാർച്ച് 31 വരെ പഞ്ചായത്തുകൾക്ക് ആറു ലക്ഷവും നഗരസഭകൾക്ക് 12 ലക്ഷവും കോർപറേഷനുകളിൽ 17 ലക്ഷവുമാണ് ചെലവാക്കാവുന്നത്. ഏപ്രിൽ ഒന്നുമുതൽ മെയ് 31 വരെ ഈ തുക യഥാക്രമം 12 ലക്ഷം,17 ലക്ഷം, 22 ലക്ഷം എന്നിങ്ങനെ ഉയർത്തിയിട്ടുണ്ട്.
റവന്യൂ വകുപ്പോ മറ്റ് എതെങ്കിലും ഏജൻസികളോ ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വെള്ളം വിതരണം ചെയ്യാൻ പാടില്ല. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഗുണനിലവാരം ഉറപ്പാക്കേണ്ടതും വെള്ളം എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കേണ്ടതടക്കം നിർദ്ദേശങ്ങൾ പാലിച്ചേ വെള്ളം വിതരണം ചെയ്യാവു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.