ദുരന്തങ്ങളിൽ പ്രതീക്ഷയേകിയ പ്രദീപ്കുമാറിന് രാഷ്ട്രപതിയുടെ മെഡൽ
text_fieldsകേരളം കണ്ട വലിയദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അസി. ഫയർ സ്റ്റേഷൻ ഓഫിസർ സി.എ. പ്രദീപ് കുമാറിന് രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡൽ.
തൃക്കാക്കര അഗ്നിശമന സേനാനിലയത്തിലെ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫിസറാണ് കൊല്ലം തൃക്കടവൂർ കുരുമ്പേലിൽ വീട്ടിൽ സി.എ. പ്രദീപ് കുമാർ. 2016ൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും നേടിയിട്ടുണ്ട്. ഇടുക്കി രാജമലയിലെയും പെട്ടിമുടിയിലെയും അപകടത്തിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് പ്രദീപിനെ തേടി രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച വാർത്ത എത്തിയത്.
പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലെ രക്ഷാപ്രവർത്തനത്തിലും 2018ലെ മഹാപ്രളയത്തിൽ പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.
ഇതിന് മന്ത്രിമാരുൾപ്പെടെ നിരവധിപേർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. 2019ലെ പ്രളയത്തിൽ കണ്ണൂർ നിലയത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. കൊല്ലത്ത് 15 വർഷത്തിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഡൽ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
24 വർഷത്തെ സേവനത്തിനിടെ നിരവധി ഗുഡ് സർവിസ് എൻട്രികൾ ലഭിച്ച പ്രദീപ് കുമാർ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലും കർമനിരതനാണ്.
1996ലാണ് ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ പാനൂർ അഗ്നിശമന സേനാനിലയത്തിലെ മികച്ച പ്രവർത്തനത്തിന് നാട്ടുകാരും ജനപ്രതിനിധികളും ആദരിച്ചിരുന്നു. തൃക്കടവൂർ കുരുമ്പേലിൽ പരേതനായ ചെല്ലപ്പെൻറയും അജിതകുമാരിയുടെയും മകനാണ് പ്രദീപ് കുമാർ. കവിതയാണ് ഭാര്യ. ഗൗരി, കല്യാണി എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.