പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
text_fieldsകൊല്ലം: പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ പ്രകാരം അറസ്റ്റിൽ.
തേവലക്കര താഴത്ത് കിഴക്കതിൽ രാജേഷ് ആണ് (34) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1.45ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഗേറ്റിൽനിന്നും ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ട പെൺകുട്ടിക്ക് ടിക്കറ്റ് നൽകുന്നതിനൊപ്പം ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ബാക്കി കൊടുക്കവേയും ലൈംഗിക അതിക്രമം കാട്ടി. ഇയാളുടെ പ്രവൃത്തി മനഃപൂർവമാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി പ്രതികരിക്കുകയും ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇൻസ്പെക്ടർ രതീഷിനോട് പരാതിപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ ആശ്രാമം -ചവറ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് പിടികൂടി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് വനിതകളടങ്ങിയ പ്രത്യേക സംഘങ്ങളെ മഫ്തിയിൽ നിയോഗിച്ചതായി കമീഷണർ ടി. നാരായണൻ അറിയിച്ചു.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐമാരായ ആർ. രതീഷ്കുമാർ, രജീഷ്, ഹരിദാസൻ, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ അൻഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.