ക്വാറി സ്ഫോടകവസ്തു ശേഖരണകേന്ദ്രം നിർമാണത്തിനെതിരെ പ്രതിഷേധം
text_fieldsഓയൂർ: വെളിനല്ലൂർ മുളമുക്കിൽ ആയിരത്തോളം കുടുംബങ്ങൾക്ക് ഭീഷണിയായി ക്വാറിക്കായുള്ള സ്ഫോടകവസ്തു ശേഖരിക്കുന്ന കേന്ദ്രം സ്ഥാപിക്കാൻ നീക്കം.
വിവരം പുറത്തറിഞ്ഞതോടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം പത്രപരസ്യത്തിലൂടെയാണ് വിവരം പ്രദേശവാസികൾ അറിയുന്നത്. സ്ഫോടകവസ്തു സൂക്ഷിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റിന്റെ അനുമതി വേണം. ഇതിനായി എൻ.ഒ.സി വാങ്ങുന്നതിന് പത്തനംതിട്ട സ്വദേശി ജില്ല ഭരണകൂടത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
ഇതിൽ ആക്ഷേപമുള്ളവർ അഡീഷനൽ ജില്ല മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് അറിയിപ്പിൽ ഉണ്ടായിരുന്നത്. ഇതോടെ പരിഭ്രാന്തിയിലായ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രദേശവാസിയായ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. പള്ളിക്കലുള്ള ക്വാറിക്ക് വേണ്ടിയാണ് സ്ഫോടക വസ്തു ഇവിടെ സൂക്ഷിക്കാൻ ശ്രമിക്കുന്നത്.
ഇടിമിന്നലുണ്ടായാൽ നിരവധി റബർ മരങ്ങൾ സ്ഥിരമായി കത്തി നശിക്കുന്ന പ്രദേശമാണിവിടം. ഇവിടെയാണ് വലിയതോതിൽ സ്ഫോടക വസ്തു സൂക്ഷിക്കാൻ ലക്ഷ്യമിടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ മുൻ മന്ത്രി മുല്ലക്കര രത്നാകരനെ കണ്ട് വിവരം അറിയിച്ചു. സ്ഫോടകവിരുദ്ധ സംരക്ഷണസമിതി രാഷ്ട്രീയ ഭേദമെന്യേ ഒത്തുചേർന്ന് പ്രവർത്തിക്കാനൊരുങ്ങുകയാണ്.
വെളിനല്ലൂർ പഞ്ചായത്ത് ഇതിനെതിരെ ശക്തമായി മുന്നോട്ട് വരുമെന്ന് പ്രസിഡന്റ് എം. അൻസാർ പറഞ്ഞു. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് സ്ഫോടകവസ്തു സൂക്ഷിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് നാട്ടുകാർ പറയുന്നു.
ആർ.ഡി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ല ഭരണകൂടത്തെ പ്രതിഷേധം അറിയിക്കും. എതിർപ്പ് മറികടന്ന് അനുമതി കൊടുക്കുകയോ ജനവാസമേഖലയിൽ സ്ഫോടകവസ്തു കൊണ്ടിറക്കുകയോ ചെയ്താൽ ശക്തമായി പ്രതികരിക്കുമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.