മുട്ടം വഴി ബൈപാസ്; കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
text_fieldsകിഴക്കേ കല്ലട: കൊല്ലം തേനി ദേശീയ പാതക്ക് വേണ്ടി പടപ്പക്കര, മുട്ടം, കൊച്ചുപ്ലാമൂട്, കല്ലട പാടം വഴി ബൈപാസ് നിർമിച്ച് പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ സേവ് മുട്ടം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പാരിസ്ഥിതിക സാമൂഹിക പഠനം നടത്താതെയാണ് പരിസ്ഥിതി ലോല പ്രദേശമായ മുട്ടത്ത് കൂടി 45 മീറ്റർ വീതിയിൽ ബൈപാസ് നിർമ്മിക്കാനൊരുങ്ങുന്നത് എന്നാണ് പരാതി.
ബൈപാസ് വരുന്നതറിഞ്ഞ് വെള്ളിമണിലും മറ്റും ബനാമി പേരുകളിൽ ഭൂമി വാങ്ങി കൂട്ടിയ നേതാക്കളെയും ഭൂ മാഫിയകളെയും സഹായിക്കാനാണ് വികസനത്തിന്റെ മുഖം മൂടി അണിഞ്ഞവർ ശ്രമിക്കുന്നതെന്നും സമരക്കാർ പറയുന്നു. മുട്ടം മുനമ്പ് ഇടിച്ചു നിരത്തിയും കല്ലട പാടത്തു കൂടി വൻ ബണ്ട് നിർമിച്ചും പാറയും മണ്ണും ജലവും വൻ തോതിൽ ചൂഷണം ചെയ്തും ബൈപാസ് നിർമിച്ചാൽ പ്രകൃതി ദുരന്തങ്ങൾ വർധിക്കും.
പാവങ്ങളെ കുടിയിറക്കാനായി സർവേ നടത്താൻ വന്നാൽ തടയുമെന്നും ഈ മാസം 22 ന് കലക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുട്ടത്തെ പാവപ്പെട്ടവർക്ക് വിരുദ്ധമായി തീരുമാനം ഉണ്ടായാൽ വ്യാപക സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. യോഗത്തിൽ സമിതി പ്രസിഡന്റ് അഡ്വ. എം. എസ്. സജികുമാർ അധ്യക്ഷത വഹിച്ചു. സമിതി കൺവീനറും വാർഡ് മെമ്പറുമായ ഷാജി മുട്ടം ഉൽഘാടനം ചെയ്തു. റിട്ട. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ എം. എസ്. അനിൽ കുമാർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലട കെ. എസ്. ദാസൻ,ആർ. എസ്. പി. നേതാവ് പങ്കജാക്ഷനാചാരി, സി.എം.പി. നേതാവ് എഴിയിൽ സജീവ് തുടങ്ങിയവർ സംസാരിച്ചു. കല്ലട ഭാസി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.