പുനലൂർ പട്ടണവും തെരുവുനായ്ക്കളുടെ പിടിയിൽ
text_fieldsപുനലൂർ: തെരുവുനായ്ക്കൾ പുനലൂർ പട്ടണത്തിലും ഭീതി പരത്തുന്നു. രാപകൽ വ്യത്യാസമില്ലാതെ റോഡുകൾ, ബസ്സ്റ്റാൻഡുകൾ, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വിഹരിക്കുന്ന നായ്ക്കൂട്ടം നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ട്. പട്ടണത്തിൽ കാൽനടക്കാൻപോലും കഴിയാതായി. സ്കൂൾ കുട്ടികൾ, പ്രഭാത സവാരിക്കാർ തുടങ്ങിയവർ ഭീതിയിലാണ്.
തിരക്കേറിയ ദേശീയപാതയിൽപോലും നായ്ക്കൾ കടിപിടി കൂടുന്നതും ചെറിയ വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നതും പതിവാണ്. പട്ടണത്തോട് ചേർന്നുള്ള കലുങ്കുമുകളിൽ വീടിന്റെ സിറ്റൗട്ടിലിരുന്ന കുട്ടിയടക്കം പലരെയും അടുത്തിടെ തെരുവുനായ കടിച്ചു.
തെരുവുനായ്ക്കളെ വന്ധ്യകരിക്കാനുള്ള എ.ബി.സി പദ്ധതി നഗരസഭയിൽ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. നഗരസഭയുടെ എല്ലാ മേഖലകളിലും വൻതോതിൽ തെരുവുനായ്ക്കൾ പെരുകി.
മാംസാവശിഷ്ടം ഉൾപ്പെടെ വെട്ടിപ്പുഴ എം.എൽ.എ റോഡ്, മൂർത്തിക്കാവ് റോഡ്, ചാലിയക്കര റോഡ്, ദേശീയപാതയോരം തുടങ്ങിയ ഭാഗങ്ങളിൽ തള്ളുന്നത് നായ്ക്കൾ പട്ടണത്തിൽ കേന്ദ്രീകരിക്കുന്നതിന് ഇടയാക്കുന്നു. നായ്ക്കളുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.