പുനലൂരിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 160 കോടി
text_fieldsപുനലൂർ: നഗരസഭ മേഖലയിലെ ശുദ്ധജലക്ഷാമം പിരിഹരിക്കുന്നതിന് 160 കോടി രൂപ അനുവദിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ. നിയോജക മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിെൻറ ചേംബറിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പുനലൂർ നഗരസഭയിലെ മുഴുവൻ വാർഡുകളിലും വെള്ളമെത്തിക്കുന്നതിന് 160 കോടി രൂപയോളം വേണ്ടിവരും. വർഷങ്ങൾക്ക് മുമ്പ് തയാറാക്കിയ 120 കോടിയുടെ എസ്റ്റിമേറ്റാണുള്ളത്.ഇൗ എസ്റ്റിമേറ്റ് മാറ്റം വരുത്തി ഉടൻ സമർപ്പിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
നടപടികൾ പൂർത്തിയാകുന്ന മുറക്ക് പദ്ധതിക്ക് അഗീകാരം നൽകും. വേനൽകാലത്ത് കല്ലടയാറ്റിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് പേപ്പർമിൽ ഭാഗത്ത് താൽക്കാലികമായി നിർമിക്കുന്ന തടയണ ശാശ്വത നിലയിൽ നിർമിക്കാനുള്ള എസ്റ്റിമേറ്റ് മേജർ ഇറിഗേഷൻ വിഭാഗം നൽകും. ആര്യങ്കാവ് പഞ്ചായത്തിൽ അച്ചൻകോവിൽ വാർഡിൽ അച്ചൻകോവിലാറിന് കുറുകെയായി ചെക്ക് ഡാം നിർമാണം, തെന്മല പഞ്ചായത്തിലെ ചാലിയക്കര ആറിൽ ചെക്ക് ഡാം നിർമാണം എന്നിവക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കും.
കല്ലട ജലസേചന പദ്ധതി കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഇടമൺ, തെന്മല വില്ലേജുകളിലെ പട്ടയ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിനായി റവന്യൂ, ഇറിഗേഷൻ വകുപ്പുകളുടെ സംയുക്തയോഗം വിളിക്കും. മണ്ഡലത്തിലെ വിവിധ ചെറിയ കുടിവെള്ള പദ്ധതികൾ, മൈനർ ഇറിഗേഷൻ നടപ്പാക്കാനുള്ള പദ്ധതികൾ എന്നിവക്ക് അഗീകാരം നൽകി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ സജീവ്, ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.