പഞ്ചായത്ത് മാലിന്യ ശേഖരണ കേന്ദ്രമാക്കിയ കെട്ടിടം; സ്കൂളിന് വിട്ടുകൊടുക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsപുനലൂർ: പഞ്ചായത്ത് കൈയേറി ഓഡിറ്റോറിയവും മാലിന്യം സൂക്ഷിപ്പ് കേന്ദ്രവുമാക്കിയ സ്കൂൾ കെട്ടിടം വിട്ടുകൊടുക്കാൻ കലക്ടറുടെ ഉത്തരവ്. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ ടി.സി.എൻ.എം ഗവ. പ്രൈമറി കെട്ടിടമാണ് തിരികെ സ്കൂളിനുതന്നെ പഞ്ചായത്ത് വിട്ടുനൽകേണ്ടത്. കെട്ടിടത്തെ ചൊല്ലി പഞ്ചായത്ത് അധികൃതരും സ്കൂൾ അധികൃതരും തമ്മിലെ തർക്കം ഏറെ വിവാദമായിരുന്നു.
വിട്ടുകൊടുക്കാൻ പുനലൂർ ആർ.ഡി.ഒ അടക്കം റവന്യൂ അധികൃതർ മുമ്പ് നിർദേശം നൽകിയത് പാലിക്കാൻ പഞ്ചായത്ത് തയാറാകാതെയാണ് കെട്ടിടം സ്വന്തമാക്കിയത്. സ്കൂൾ അധികൃതരും പി.ടി.എ പ്രസിഡന്റ് എസ്. രാജീവും കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം സ്കൂൾ ആവശ്യത്തിനായി തിരികെ നൽകാൻ തീരുമാനം ഉണ്ടായത്.
കോവിഡ് കാലത്ത് കലക്ടറുടെ ഉത്തരവ് അനുസരിച്ച് പഴയ എൽ.പി.എസ് കെട്ടിടം മലയോര- തോട്ടം മേഖലയിലെ കോവിഡ് രോഗികളെ പാർപ്പിക്കാനായി പഞ്ചായത്തിന് വിട്ടുനൽകിയത്. കോവിഡ് അവസാനിച്ചശേഷം കെട്ടിടം തിരികെ നൽകാതെ പഞ്ചായത്ത് കൈക്കലാക്കി പൊതു ഓഡിറ്റോറിയവും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
കോവിഡ് സെന്ററിനായി കെട്ടിടം നൽകിയതോടെ എൽ.പി സ്കൂൾ തൊട്ടടുത്തെ ഹൈസ്കൂൾ വളപ്പിലേക്ക് മാറ്റി. പകരം ഹയർസെക്കൻഡറിയുടെ ഉൾപ്പെടെ ലാബ് അവിടെനിന്ന് മാറ്റി എൽ.പി.എസ് കെട്ടിടത്തിലെ മറ്റൊരു ഭാഗത്തുമാക്കി.
ഇതിനിടെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിച്ച് ഓഡിറ്റോറിയം എന്ന ബോർഡും പഞ്ചായത്ത് സ്ഥാപിച്ചു. ലാബ്, പുതിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ സ്ഥാപിക്കാനായി കെട്ടിടം വിട്ടുനൽകണമെന്ന് സ്കൂൾ അധികൃതരും പി.ടി.എയും ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് തയാറായില്ല.
ഇതിനിടെ പ്രൈമറി സ്കൂളിന്റെ പഴയ തടി ഉരുപ്പടികൾ ലേലം ചെയ്യാൻ പഞ്ചായത്ത് പ്രസിഡന്റും ലേലക്കാരും സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു മടക്കിയയച്ചു. എൽ.പി സ്കൂൾ കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലാണെന്നും പഞ്ചായത്തിന് കെട്ടിട പരിമിതിയുള്ളതിനാൽ വിട്ടുനൽകണമെന്നും പഞ്ചായത്ത് അധികൃതരുടെ വാദം അംഗീകരിക്കാൻ കലക്ടർ തയാറായില്ല.
സ്കൂൾ കെട്ടിടത്തിന്റെ താക്കോൽ പ്രിൻസിപ്പലിന് അടിയന്തരമായി കൈമാറുകയും മാലിന്യ ശേഖരണത്തിന് അനുയോജ്യമായ മറ്റ് സ്ഥലം കണ്ടെത്താനും പഞ്ചായത്ത് അധികൃതരോട് കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.