കടുവ ആക്രമിച്ച ഗർഭിണിയായ ആന ചെരിഞ്ഞു
text_fieldsപുനലൂർ: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയായ കാട്ടാന ചെരിഞ്ഞു. അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിൽ മേലേ തോട്ടത്തിൽ അഞ്ചുദിവസം പഴക്കമുള്ള പിടിയാനയുടെ ജഡം ബുധനാഴ്ച വൈകീട്ടാണ് പരിസരത്തെ ലയത്തിലുള്ളവർ കണ്ടെത്തിയത്.
കാട്ടാനയുടെ ദേഹമാസകലം മുറിപ്പാടുകൾ കണ്ടെത്തിയതാണ് കടുവ പോലുള്ള ജീവികൾ ആക്രമിച്ചാണ് ആന ചെരിഞ്ഞതെന്ന് വനപാലകർ പറഞ്ഞു. 20നും 25നും ഇടയിൽ പ്രായം വരും. വ്യാഴാഴ്ച ഫോറസ്റ്റ് വെറ്ററിനറി സർജൻ സിജി പോസ്റ്റ്മോർട്ടം നടത്തി വെള്ളിയാഴ്ച രാവിലെ സംസ്കരിക്കുമെന്ന് വനപാലകർ പറഞ്ഞു.
അച്ചൻകോവിൽ ഡി.എഫ്.ഒ സുനിൽ സുദേവൻ, റേഞ്ച് ഓഫിസർ ആർ.സി. അരുൺ, പുനലൂർ ഫ്ലൈയിങ് സ്ക്വാഡ് അധികൃതർ എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ആനയുടെ ജഡം കണ്ടെത്തിയതിന് 200 മീറ്റർ അകലെയുള്ള പ്രിയ എസ്റ്റേറ്റ് ജനവാസ മേഖലയാണ്. ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.