ആശങ്ക വർധിപ്പിച്ച് വീണ്ടും അതിക്രമം; വനിത സ്റ്റേഷൻ മാസ്റ്ററെ ട്രെയിനിൽ ആക്രമിച്ച പ്രതിയെ ഇനിയും കിട്ടിയില്ല
text_fieldsപുനലൂർ: വനിത റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ യാത്രക്കിടെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ ഒരുവർഷം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി മലയാളിയായ വനിത ഗേറ്റ് കീപ്പറെ ജോലിക്കിടെ പാവൂർഛത്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചത്. തമിഴ്നാട് പാമ്പ്നഗർ സ്റ്റേഷനിലെ മാസ്റ്റർ എറണാകുളം സ്വദേശിനി രശ്മി ആൻറണി ചെങ്കോട്ട-കൊല്ലം പാസഞ്ചറിൽ കഴിഞ്ഞവർഷം ഫെബ്രുവരി ഒമ്പതിനാണ് ആക്രമണത്തിന് ഇരയായത്. ശാരീരിക വൈകല്യമുള്ള ഇവരെ ട്രെയിനിൽ തള്ളിയിട്ട് സ്വർണമടങ്ങിയ പഴ്സ് തട്ടിയെടുത്ത പ്രതി തെന്മല സ്റ്റേഷന് സമീപം രക്ഷപ്പെടുകയായിരുന്നു.
ഇതുസംബന്ധിച്ച് അന്വേഷണത്തിന് റെയിൽവേ പൊലീസിലെ രണ്ട് സി.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് സംശയിച്ച് അന്വേഷണാർഥം ചെങ്കോട്ട, തെങ്കാശി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടും ഫലമുണ്ടായില്ല.
എന്നാൽ, അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പുനലൂർ റെയിൽവേ പൊലീസ് പറയുന്നത്. നിരവധി മലയാളി വനിത ജീവനക്കാർ തമിഴ്നാട്ടിൽ റെയിൽവേയിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതലും ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെയാണ് ഇവിടെ പാത കടന്നുപോകുന്നത്. ഇവിടെ ഗേറ്റ് കീപ്പറായും അല്ലാതെയും ജോലിചെയ്യുന്ന വനിതകളെ പാവൂർഛത്രം സംഭവം ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.