അച്ചൻകോവിൽ കാനനപാത: ഇക്കുറിയും അയ്യപ്പതീർഥാടകർക്ക് ഉപകാരപ്പെടില്ല
text_fieldsപുനലൂർ: നവീകരണം എങ്ങുമെത്താത്തതിനാൽ അലിമുക്ക്-അച്ചൻകോവിൽ കാനനപാത ഇത്തവണയും ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടില്ല. തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന് അച്ചൻകോവിൽ ധർമശാസ്ത ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പന്മാർക്ക് ശബരിമലക്ക് വന്നുപോകാൻ കഴിയുന്ന കിഴക്കൻ മേഖലയിലെ പ്രധാന പാതയാണിത്.
ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ എത്തുന്നവർക്ക് പുനലൂർ ചുറ്റാതെ ഈ പാതയിലൂടെ വേഗത്തിൽ പത്തനാപുരത്തും കോന്നിയിലും എത്താനാകും.
പൂർണമായും വനത്തിലൂടെയും വനംവകുപ്പിെൻറ നിയന്ത്രണത്തിലുള്ള ഈ പാത ഏറെക്കാലമായി നാശത്തിലായിരുന്നു. 37 കിലോമീറ്റർ ദൂരംവരുന്ന ഈ പാതയിൽ കറവൂർ തൊടിക്കണ്ടം മുതലുള്ള 22 കിലോമീറ്ററോളം നവീകരിക്കാൻ വനംവകുപ്പ് പ്രത്യേക പദ്ധതി തയാറാക്കുകയായിരുന്നു.
നബാഡിൽനിന്ന് ഇതിനായി 13.85 കോടി രൂപ അനുവദിച്ചു. പുനലൂർ, അച്ചൻകോവിൽ, കോന്നി വനം ഡിവിഷനുകളുടെ നിയന്ത്രണത്തിൽ പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ മേൽനോട്ടം. ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച് 20 മാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, ഉദ്ദേശിച്ചരീതിയിൽ നിർമാണ പുരോഗതി ഉണ്ടാകാത്തതിനാൽ ഈ മേഖലയിലെ നാട്ടുകാരും യാത്രാ ബുദ്ധിമുട്ടിലായി.
ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ വനം അധികൃതർ കരാറുകാരന് പലതവണ താക്കീത് നൽകിയിരുന്നു. മുമ്പ് നിർമാണം പൂർത്തിയാക്കിയതും ടാറിങ്ങിനായി മെറ്റൽ ഉറപ്പിച്ചതുമാണ്. മിക്കയിടത്തും മെറ്റൽ ഇളകിയതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനങ്ങളെ വളരെ ദുരിതപ്പെടുത്തുന്നു. പാതയുടെ പലയിടങ്ങളിലും കോൺക്രീറ്റ് ചെയ്ത ഭാഗം ഒഴിെകയുള്ളത് തകർന്നിട്ടുണ്ട്.
തുലാവർഷം ശക്തമാകുന്നതോടെ പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉറവ് രൂപപ്പെടലും കാരണം കൂടുതൽ നാശത്തിന് ഇടയാക്കും. ഇരുവശത്തും മുൾക്കാടുകളടക്കം പടർന്ന് പാതയിലേക്ക് കിടക്കുന്നു.
പാതയുടെ അപകടാവസ്ഥ കണക്കിലെടുത്ത് ഇത്തവണ ഇതുവഴിയുള്ള അയ്യപ്പ തീർഥാടകരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാൽ നിയന്ത്രണമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.