പുലിപ്പേടിയിൽ അച്ചൻകോവിൽ
text_fieldsപുനലൂർ: അച്ചൻകോവിൽ ഗ്രാമം പുലിപ്പേടിയിൽ. പുലി ഉൾപ്പെടെ വന്യമൃഗങ്ങൾ വ്യാപകമായി ജനവാസ മേഖലയിൽ ഇറങ്ങി വലിയ നാശം വരുത്തുന്നു. കൃഷി, വളർത്തുമൃഗങ്ങളുടെ നാശത്തിലുപരി മനുഷ്യജീവനും വന്യമൃഗങ്ങൾ വലിയ ഭീഷണിയായി.
അടുത്ത കാലത്താണ് അച്ചൻകോവിലിന്റെ വിവിധ ജനവാസ മേഖലകളിൽ പുലിയടക്കം കാട്ടുമൃഗങ്ങളുടെ ഉപദ്രവം വർധിച്ചത്. പുലിയിറങ്ങി വളർത്തുമൃഗങ്ങളെയും മറ്റും വ്യാപകമായി ആക്രമിക്കുകയാണ്.
അവസാനമായി ശനിയാഴ്ചജങ്ഷന് സമീപം ജനവാസ മേഖലയായ നാലുസെന്റ് കോളനിയിൽ രാത്രിയിൽ പുലി എത്തിയത്. പുലിയുടെ ആക്രമണത്തിൽനിന്ന് ആറു വയസ്സുകാരൻ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.
ആറ്റിന് വടക്കേക്കരയിലും പള്ളിവാസലിലും സെറ്റിൽമെന്റ് കോളനികളിലും പുലിശല്യം രൂക്ഷമാണ്. കരിമ്പുലി ഉൾപ്പെടെ ഈ മേഖലയിൽ കറങ്ങിനടക്കുന്നതായി ഇവിടെയുള്ളവർ പറയുന്നു. നിരവധി കുടുംബങ്ങളിലെ നായ് അടക്കം വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോയി.
എത്ര സുരക്ഷിതമായി സൂക്ഷിക്കുന്ന കന്നുകാലിളെയും പുലി ആക്രമിക്കുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് വനപാലകർ പുലി ശല്യമുള്ള ഭാഗങ്ങളിൽ പലയിടത്തും നിരീക്ഷണ കാമറ സ്ഥാപിച്ചെങ്കിലും മറ്റു പ്രതിരോധ നടപടികൾ ഉണ്ടായിട്ടില്ല.
വനത്താൽ ചുറ്റപ്പെട്ട പ്രധാന തീർഥാടന കേന്ദ്രംകൂടിയായ അച്ചൻകോവിലിലുള്ളവർ കടുത്ത ഭയപ്പാടിലാണ്. പകൽപോലും പുറത്തിറങ്ങാൻ ജനങ്ങൾ മടിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം പുലിയടക്കം ശല്യം അച്ചൻകോവിൽ മേഖലയിൽ അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും സന്ധ്യയായി കഴിഞ്ഞാൽ ഇരുട്ടാകുന്നതും വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ മതിയായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതും വന്യമൃഗങ്ങൾ ഇറങ്ങാൻ ഇടയാക്കുന്നത്.
പുലിയുടെ ആക്രമണത്തിൽനിന്ന് ആറ് വയസ്സുകാരൻ രക്ഷപ്പെട്ടു
കോളനിയും പരിസരകാട്ടിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല
പുനലൂർ: രാത്രിയിൽ വീട്ടിലെ അടുക്കള ഭാഗത്ത് ഇരുന്ന കുട്ടിയുടെ മുകളിലൂടെ പാഞ്ഞുപോയ പുലിയുടെ ആക്രമത്തിൽ നിന്ന് ആറു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അച്ഛൻകോവിൽ നാല് സെന്റ് കോളനിയിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്-രജിത ദമ്പതികളുടെ മകൻ അജസാണ് രക്ഷപ്പെട്ടത്. മൂന്ന് ദിവസം മുമ്പ് ഇവരുടെ വളർത്തുനായെ പുലി പിടിച്ചിരുന്നു.
ശനിയാഴ്ച രാത്രി എട്ടരോടെയാണ് പുലി വീണ്ടും എത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് ഇരിക്കുകയായിരുന്നു കുട്ടി.
മാതാവ് രജിതയും ഇവരുടെ മാതാവ് സുധയും അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് സമീപത്തെ കാട്ടിൽനിന്ന് അടുക്കള ഭാഗത്തേക്ക് കുട്ടിയെ തൊട്ടുരുമി പുലി പാഞ്ഞെത്തിയത്. പുലിയുടെ ചാട്ടത്തിനിടെ കൈകൊണ്ട് അജസിന അടിച്ചു.
എന്നാൽ, അടി കുട്ടിയുടെ ദേഹത്ത് കൊള്ളതെ സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കുടത്തിലാണ് ഏറ്റതെന്ന് രജിത പറഞ്ഞു. പുലിയുടെ മുരൾച്ചയും ഭയന്നുവിറച്ച കുട്ടിയുടെ ബഹളവും കേട്ടുകൊണ്ട് രജിതയും മാതാവും കുട്ടിയുടെ അടുക്കൽ എത്തിയപ്പോഴേക്കും പുലി തൊട്ടടുത്തുള്ള കാട്ടിലേക്ക് പാഞ്ഞുപോയി.
സംഭവം അറിഞ്ഞ പഞ്ചായത്ത് അംഗം സാനുധർമരാജിന്റെ നേതൃത്വത്തിൽ നാട്ടുകാരും വനപാലകരും എത്തി.
കോളനിയും പരിസരകാട്ടിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കാടുകൾ കേന്ദ്രീകരിച്ച് പലതവണ വനപാലകർ വെടിയുതിർത്തു. രാത്രിയിൽ മണിക്കൂറോളം പുലിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി പുലർച്ചയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.